കൊച്ചി: പെൺകെണിയൊരുക്കി 19-കാരനിൽനിന്ന് സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതിയും യുവാവും ചേരാനല്ലൂർ പോലീസിന്റെ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശിനിയായ റിസ്വാന (24) യും പോണേക്കര സ്വദേശി അൽത്താഫു (21) മാണ് പിടിയിലായത്.

ചേരാനല്ലൂർ വിഷ്ണുപുരം ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു പ്രതികൾ. രണ്ടുപേരും ചേർന്ന് കൂടിയാലോചിച്ച് അൽത്താഫിനു പരിചയമുള്ള വട്ടേക്കുന്നം സ്വദേശിയായ 19-കാരനുമായി പ്രണയം നടിച്ച് റിസ്വാന പരാതിക്കാരനെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു വരുത്തി. ശേഷം നഗ്നനാക്കി ഫോട്ടോ എടുത്ത് പരാതിക്കാരന്റെ സ്വർണ മാലയും മൊബൈൽ ഫോണും കവർന്നെടുക്കുകയായിരുന്നു.

19-കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ഇവർ കവർച്ച ചെയ്ത മാലയും ഫോണും കണ്ടെത്തുകയും ചെയ്തു.

Content Highlights:kochi honey trap case two arrested