കൊച്ചി: അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ട സംഭവത്തില്‍ ഒരാളില്‍ മാത്രം അന്വേഷണം ഒതുക്കുകയാണെന്ന് ആരോപണം. പെണ്‍കുട്ടികള്‍ വീടുവിട്ടതിനു പിന്നില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ പരിചയപ്പെട്ട ഉത്തരേന്ത്യക്കാരായ നാലുപേരുണ്ടെന്നും രണ്ടുപേരെ പിടികൂടിയതില്‍ ഒരാളെ ഒഴിവാക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പോലീസ് നല്‍കുന്ന വിശദീകരണം ഒരാള്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തു എന്നും അയാളെ അറസ്റ്റ് ചെയ്തുവെന്നുമാണ്.

പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘമാണിതെന്ന് മാതാപിതാക്കള്‍ പറയുന്നു. സുബൈര്‍, ഫൈസാന്‍, റിഹാന്‍, ശ്ട്രഗിള്‍ റാണ എന്നിവരാണ് സംഘത്തിന് പിന്നിലെന്നും ഇവരുടെ ചാറ്റ് വിവരങ്ങള്‍ കണ്ടിരുന്നുവെന്നുമാണ് പറയുന്നത്. ഡല്‍ഹിയില്‍ പിടിയിലായതില്‍ ഒരാള്‍ കൊലപാതകക്കേസില്‍ പ്രതിയാണെന്നും പിടികൂടുമ്പോള്‍ ഇവരില്‍നിന്ന് ആയുധം പിടിച്ചെടുത്തെന്നുമാണ് ഡല്‍ഹി പോലീസ് അറിയിച്ചിരുന്നത്. ഓയോ റൂം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രത്തിലായിരുന്നു പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്നതും. എന്നാല്‍ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നില്ല. പകരം അന്വേഷണം പെണ്‍കുട്ടികളെ സഹോദരന്മാര്‍ ചേര്‍ന്നു പീഡിപ്പിച്ചു എന്ന രീതിയില്‍ കൊച്ചി സിറ്റി പോലീസ് അവസാനിപ്പിച്ചു.

സഹോദരന്മാര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി അറിയിച്ചെന്നും എന്നാല്‍ ഇത് വിശ്വസിച്ചില്ലെന്നും 'സ്‌ക്വാഡിലെ ശിഷ്യന്മാര്‍' സ്റ്റേഷനുമുകളില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചെന്നുമാണ് പോലീസുദ്യോഗസ്ഥന്‍ പറയുന്നത്. സഹോദരങ്ങള്‍ക്കെതിരേ കൂട്ടബലാത്സംഗത്തിനുകൂടി കേസെടുക്കാനാണ് പോലീസിന്റെ നീക്കം.

ഹൈക്കോടതിയുടെ ഇടപെടലുണ്ടായതിനാല്‍ സമഗ്ര അന്വേഷണത്തിന് സാധ്യതയുണ്ട്. എന്നാല്‍ പോലീസ് ആരോപണ വിധേയരായ കേസില്‍ പോലീസിന്റെതന്നെ അന്വേഷണം ഫലവത്താകുമോ എന്നാണ് സംശയം.

ഒരു ദിവസം മുന്‍പേ പോലീസറിഞ്ഞു

വാര്‍ത്ത വരുന്നതിന് മുന്‍പേ തന്നെ എ.എസ്.ഐ. വിനോദ് കൃഷ്ണയ്‌ക്കെതിരേയുള്ള ആരോപണം രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞിരുന്നു. എ.എസ്.ഐ. കൈക്കൂലി ആവശ്യപ്പെട്ടുവോ എന്നും എത്ര രൂപയാണ് ചോദിച്ചതെന്നും തിരക്കി ചൊവ്വാഴ്ച വൈകീട്ട് പരാതിക്കാരുടെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ബുധനാഴ്ചയും ഇവര്‍ വന്നു.

ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍

കൊച്ചി: അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ടെന്നാണ് മാതാവിന്റെ ആരോപണം. ഇതിന് പോലീസ് വിശദീകരണവും നല്‍കുന്നു. എന്നാല്‍ അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ടത് പോലീസോ അതോ മാതാപിതാക്കളോ? മറുനാട്ടുകാരായാല്‍ കേരള പോലീസ് അന്വേഷിക്കില്ലെന്നാണോ.

ഓണ്‍ലൈന്‍ ക്ലാസിനിടെ ചതിക്കുഴിയില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ നാടുവിട്ടു. കൂട്ടിക്കൊണ്ടുപോയ ഒരാളെ രണ്ടുപേര്‍ ബലാത്സംഗത്തിനിരയാക്കി. എന്നാല്‍ കൊച്ചി സിറ്റി പോലീസ് അറസ്റ്റ്‌ചെയ്തത് ഒരാളെമാത്രം. പ്രതികളുടെ സഹായികളും കുട്ടികളെ ഓണ്‍ലൈന്‍ ചതിയില്‍ വീഴ്ത്തിയവരും എവിടെ. പിടികൂടിയതില്‍ ഒരാളെ ഒഴിവാക്കിയത് എന്തിന്?

പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയപ്പോള്‍ കൊണ്ടുപോയ 35,000 രൂപ തിരികെ കിട്ടി. ഇത് ഡല്‍ഹി പോലീസ് കൊച്ചി പോലീസിന് കൈമാറിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഈ പണം ആരുടെ കൈയില്‍?

പ്രതികളുടെയും പെണ്‍കുട്ടിയുടെയും മൊബൈല്‍ ഫോണുകള്‍ എന്തുചെയ്തു.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് കാമ്പയിന്‍ നടത്തുന്ന പോലീസ് എന്തുകൊണ്ട് ഇത്തരമൊരു സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കൂടുതല്‍ പ്രതികളെ പിടികൂടിയില്ല.

പെണ്‍കുട്ടി ആറാഴ്ച ഗര്‍ഭിണിയാണെന്നാണ് മാതാവിനോട് കൊച്ചി സിറ്റി പോലീസ് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിക്ക് ആര്‍ത്തവം വന്നിരുന്നു എന്നാണ് മാതാവ് പറയുന്നത്. കുട്ടി ഗര്‍ഭിണിയാണെന്ന് പറഞ്ഞത് സത്യമാണോ.

അമ്മയ്ക്ക് സ്വന്തം പെണ്‍മക്കളെ കാണാന്‍ അവകാശം നിഷേധിക്കുന്നത് എന്തുകൊണ്ട്.

പെണ്‍കുട്ടികളെ കാണാതായത് ഓഗസ്റ്റ് 21-ന്. ഒരാഴ്ചകൊണ്ട് ഇരകളെയും തട്ടിക്കൊണ്ടുപോയവരെയും കണ്ടെത്തി. പിന്നാലെ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരന്മാരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം ചെയ്തതിന് കേസെടുക്കാന്‍ പോകുന്നുവെന്നാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ. ബുധനാഴ്ച പറഞ്ഞത്. ഇത്ര ഗൗരവമേറിയ കാര്യം പോലീസ് മുമ്പ് കാണാതെ പോകുകയായിരുന്നോ.

പെണ്‍കുട്ടികളേയും പ്രതികളെയുമായി പോലീസ് തീവണ്ടിയില്‍ ഒരു കമ്പാര്‍ട്ട്മെന്റിലും മാതാപിതാക്കളെ മറ്റൊരു കമ്പാര്‍ട്ട്മെന്റിലുമാക്കിയാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പെണ്‍കുട്ടികളേയും പ്രതികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലെ യുക്തിയെന്ത്.

ബാലാവകാശ കമ്മിഷന്‍ കേസെടുത്തു 

കൊച്ചി: വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ഡല്‍ഹി പോലീസ് കുട്ടികളെ കണ്ടെത്തുകയും അവര്‍ക്കൊപ്പം ഡല്‍ഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടുകയും ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസ് ഇവരില്‍ ഒരു പ്രതിയെ ഒഴിവാക്കി കുട്ടിയുടെ സഹോദരന്മാരെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തതായിവന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. ജില്ലാ ബാലസംരക്ഷണ ഓഫീസര്‍, നോര്‍ത്ത് പോലീസ് എസ്.എച്ച്.ഒ., കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവരോട് നവംബര്‍ മൂന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി.

ഒമ്പതാം ക്ലാസുകാരനെ മാനസികമായി തളര്‍ത്തി പോലീസ്

2019 ഫെബ്രുവരിയില്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷനായി രൂപംമാറിയതാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍. എന്നാല്‍, അത്ര സൗഹൃദമല്ല ഇവിടത്തെ രീതികള്‍. സഹോദരിയെ പീഡിപ്പിച്ചെന്ന കുറ്റംപറഞ്ഞ് ഇളയസഹോദരനായ ഒമ്പതാം ക്ലാസുകാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. പോലീസ് ചോദിച്ചത് വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങളെന്ന് കുട്ടി പറയുന്നു. ചോദ്യംചെയ്ത പോലീസുകാരിയും മറ്റൊരു പോലീസുകാരിയും വീണ്ടും ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി. ഭാഷയറിയാത്ത മാതാപിതാക്കളെ ചീത്തപറഞ്ഞു. മാതാപിതാക്കള്‍ക്ക് ഭാഷയറിയില്ലെന്നു പറഞ്ഞ് ഇതു ദുരുപയോഗം ചെയ്യരുതെന്നും തനിക്ക് ഭാഷ അറിയാമെന്നും കുട്ടി അവരോട് പറഞ്ഞു. എന്നാല്‍, ഇതിനോട് വനിതാ പോലീസുകാരി പ്രതികരിച്ചത് ''15 വയസ്സില്ലാത്തോണ്ടാ അല്ലേല്‍ സ്റ്റേഷനില്‍ കൊണ്ടോയി നിന്റെ കൈയും കാലും തല്ലിയൊടിച്ചേനേ...'' എന്നായിരുന്നെന്നും കുട്ടി പറയുന്നു.

ചിലരെ അറസ്റ്റുചെയ്യാന്‍ മടിയാണ് നോര്‍ത്ത് പോലീസിന്

കൊച്ചി: കുറച്ചുമാസങ്ങളായി തുടര്‍ച്ചയായി പലവിധ ആരോപണങ്ങളാണ് എറണാകുളം നോര്‍ത്ത് പോലീസിനെതിരേ വരുന്നത്. ഒടുവില്‍ ശ്രദ്ധേയമായ സംഭവം പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവര്‍ ഇ.വി. അജിത് നല്‍കിയ ഹര്‍ജിയാണ്. എറണാകുളം നോര്‍ത്ത് എസ്.എച്ച്.ഒ. ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് അജിത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മോന്‍സണ്‍ നല്‍കിയ പരാതിയിലായിരുന്നു പോലീസിന്റെ ഭീഷണി. ഈ കേസില്‍ സംസ്ഥാന പോലീസ് മേധാവിയെ ഹൈക്കോടതി കക്ഷിചേര്‍ത്തിരുന്നു.

മോന്‍സന്റെ വീട് സ്ഥിതി ചെയ്തിരുന്നതും നോര്‍ത്ത് പോലീസ് പരിധിയിലാണ്. ഇത്ര വലിയ തട്ടിപ്പുകാരനെ കണ്ടെത്താത്ത പോലീസ് ഇവിടെ ബീറ്റ് ബുക്ക് ഒരുക്കി ഇയാള്‍ക്ക് സംരക്ഷണവും ഒരുക്കി.

പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച സംഭവമാണ് മറ്റൊന്ന്. ചളിക്കവട്ടം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. നോര്‍ത്ത് പോലീസില്‍ യുവതി പരാതി നല്‍കിയെങ്കിലും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തയ്യാറായില്ല. പകരം യുവതിയുടെ പിതാവിന്റെ കാല് തല്ലിയൊടിച്ചതിന് മാത്രം കേസെടുത്തു. ഇതില്‍ പ്രതിഷേധം ഉയരുകയും കമ്മിഷണര്‍ക്ക് പരാതി ലഭിക്കുകയും ചെയ്തതോടെയാണ് സ്ത്രീധനപീഡനത്തിന് കേസെടുത്തത്.

പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന വടുതലയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിനിയായ നാല്‍പ്പത്തിരണ്ടുകാരിയുടെ പരാതിയിലും പ്രതിയെ പിടികൂടാന്‍ നോര്‍ത്ത് പോലീസിന് കഴിഞ്ഞിട്ടില്ല. മേയ് നാലിനാണ് ചങ്ങനാശ്ശേരി സ്വദേശിയും ബ്രിട്ടീഷ് പൗരത്വവുമുള്ള ലെക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെതിരേ പോലീസ് കേസെടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം ഒക്ടോബര്‍ അഞ്ചിന് തള്ളി. എന്നാല്‍, പ്രതിക്കായി ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.