കാക്കനാട്(കൊച്ചി): മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പിതാവിന്റെ തിരോധാനം സംബന്ധിച്ച് സൂചനകളൊന്നുമില്ല. തിങ്കളാഴ്ച 12 മണിയോടെ മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നാണ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ താമസിക്കുന്ന സനു മോഹന്റെ മകള്‍ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവം കാര്‍ അപകടമാണോ, ആത്മഹത്യയാണോയെന്ന് മൂന്നു ദിവസമായിട്ടും വ്യക്തമായിട്ടില്ല. ഞായറാഴ്ച രാത്രി മുതല്‍ ഇരുവരെയും കാണാനില്ലെന്നു കാണിച്ച് സനു മോഹന്റെ ബന്ധുക്കള്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. വൈഗയുടെ മൃതദേഹം കിട്ടിയെങ്കിലും സനുവിനെയും ഇവര്‍ യാത്ര ചെയ്ത കാറും ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും സനുവിന്റെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫ് ആണ്. മകളുമൊന്നിച്ച് പുഴയില്‍ ചാടിയതാണെന്ന് സംശയമുള്ളതിനാല്‍ വൈഗയുടെ മൃതദേഹം ലഭിച്ച പുഴയില്‍ പോലീസും അഗ്‌നിശമന സേനയും തിരച്ചില്‍ തുടരുന്നുണ്ട്. ഇവരുടെ കാര്‍ സഞ്ചരിച്ച വഴികള്‍ തേടി പോലീസ് പ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. ദേശീയപാതയിലെ രണ്ട് ടോള്‍ പ്ലാസയും ഇവര്‍ കടന്നുപോയിട്ടില്ലെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളൊന്നുമില്ല. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സനു മോഹനും ഭാര്യ രമ്യയും മകള്‍ വൈഗയും അഞ്ചു വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലാണ് താമസം. ഇന്റീരിയര്‍ ഡിസൈനിങ് ജോലിക്കാരനാണ് സനു മോഹന്‍. ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യയെ അവിടെ ആക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞിറങ്ങിയ ശേഷമാണ് ഇവരെ കാണാതായത്. കളമശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴയിലെ വീട്ടിലുള്ള രമ്യയുടെ മൊഴി വൈകാതെ എടുക്കും. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആലപ്പുഴയ്ക്ക് കൊണ്ടുപോയി.

Content Highlights: kochi girl vyga death and her father is still missing