കാക്കനാട്: മുട്ടാര്‍പ്പുഴയില്‍ നിന്ന് 13 വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പിതാവ് കങ്ങരപ്പടിയിലെ സനു മോഹന്റെ ആസൂത്രിതമായ തിരക്കഥയുണ്ടെന്ന സംശയവുമായി പോലീസ്. കുട്ടിയുടെ മരണവും അതിനു ശേഷമുള്ള രക്ഷപ്പെടലും പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ പോലീസിന് സൂചന ലഭിച്ചത്.

പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ച് അഞ്ചു ദിവസമായിട്ടും സനു മോഹനെക്കുറിച്ചുള്ള വിവരം ലഭിക്കാത്തത് കൊലപാതക സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുമ്പുതന്നെ സനു മോഹന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഫോണ്‍ നന്നാക്കാന്‍ നല്‍കിയെന്നു പറഞ്ഞ് ഭാര്യയുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, സനുവിന്റെ ഫോണ്‍ ശരിക്കും തകരാറിലാണോയെന്നും എവിടെയാണ് നന്നാക്കാന്‍ കൊടുത്തതെന്നും പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഈ ഫോണ്‍ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഇതിനിടെ ഇരുവരെയും കാണാതായ ഞായറാഴ്ച രാത്രി 9.30-ന് തന്നെ സനു ഉപയോഗിച്ച, ഭാര്യയുടെ ഫോണും സ്വിച്ച് ഓഫ് ആക്കിയിട്ടുണ്ട്. ഇതും സംശയം ബലപ്പെടുത്തുന്നു. സനുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പുള്ള കോള്‍ വിശദാംശങ്ങള്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന.

ഇതിനിടെ, സാമ്പത്തിക ബാധ്യതയുള്ള ഇദ്ദേഹത്തെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന പ്രചാരണവും നടന്നിരുന്നു. എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഈ ആരോപണം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

തമിഴ്നാട്, കര്‍ണാടക പോലീസിന്റെ സഹായം തേടി

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സനു മോഹന് വേണ്ടിയുള്ള അന്വേഷണം. ഇയാളുടെ വാഹനം കേരളത്തിന് പുറത്തേക്ക് പോയതിനാല്‍ തമിഴ്നാട്, കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. എസ്.ഐ.യുടെ നേതൃത്വത്തിലുള്ള ഒരു സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അവിടെ നിന്ന് കര്‍ണാടകയിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. രണ്ട് സംഘങ്ങള്‍ തൃശ്ശൂരിലും എറണാകുളത്തും അന്വേഷണം നടത്തുന്നുണ്ട്.

Content Highlights: kochi girl death and her father missing case police investigation is going on