കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ ഉത്തർപ്രദേശിലേക്ക് കടന്നു. ഇവരെ ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ കൊച്ചി സിറ്റി പോലീസ് ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പേ തീവണ്ടിയിൽ നാട്ടിലേക്ക് പോയവരാണ് പ്രതികൾ. പെൺകുട്ടി വിവരം പുറത്തുപറയാത്തതിനാൽത്തന്നെ സംഭവം കേസാകില്ലെന്നു തന്നെയാണ് പ്രതികൾ കരുതിയിരുന്നതും.

എന്നാൽ ഈ മാസം സ്കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെയാണ് ബലാത്സംഗം ചെയ്തകാര്യം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഏലൂർ പോലീസ് കേസെടുക്കുകയായിരുന്നു.

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാട്ടിലുണ്ടായിരുന്ന ഉത്തർപ്രദേശ് റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് മാസം മുതൽ എറണാകുളത്തെ മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളിൽ എത്തിച്ച് പല തവണകളായി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്.

കേസിൽ എറണാകുളം എ.സി.പി. കെ. ലാൽജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

കേസിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ റിപ്പോർട്ട് തേടി.

ജില്ല ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സിറ്റി പോലീസ് കമ്മിഷണർ, ഏലൂർ എസ്.എച്ച്.ഒ. എന്നിവരോടാണ് അടിയന്തരമായി റിേപ്പാർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.

Content Highlights:kochi gang rape case police hunt for accused