കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴുമാണ് ക്രൂരതയെക്കുറിച്ച് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പ്രതി മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടിയ ശേഷം കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്. ആ കേസും അന്വേഷിക്കും. അതേസമയം മാര്‍ട്ടിനെതിരേയും ഈ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

യുവതിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ മുണ്ടൂര്‍ കിരാലൂരിലെ ചതുപ്പ് നിലത്തില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മാര്‍ട്ടിന്‍ പോലീസ് പിടിയിലായത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ധനേഷ്, ജോണ്‍ജോയ്, ശ്രീരാഗ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്നും നാളെയുമായി മറൈന്‍ഡ്രൈവിനടുത്തുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. 

Content Highlights: Kochi flat rape case police arrested martin joseph