തൃശ്ശൂർ: കൊച്ചിയിൽ യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ് ജോസഫ്. മകൻ ആർഭാട ജീവിതം നയിച്ചിരുന്നില്ലെന്നും ചിലർ അവനെ കുടുക്കിയതാണെന്നും ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മുണ്ടൂർ സ്വദേശിയായ അച്ചു എന്നയാളാണ് ഇതിൽ പ്രധാനി. അച്ചുവാണ് മാർട്ടിനെ കുടുക്കിയത്. വിവിധ ട്രേഡിങ്ങിനായി 20 ലക്ഷത്തിലേറെ രൂപയാണ് മാർട്ടിൻ ഇയാൾക്ക് നൽകിയിട്ടുള്ളത്. ലക്ഷങ്ങളുടെ കടമാണ് മാർട്ടിനുള്ളത്. രതീഷ് എന്നയാളുമായും പണമിടപാട് ഉണ്ടായിരുന്നു. എന്നാൽ ഇയാൾക്ക് എത്ര രൂപ നൽകിയിട്ടുണ്ടെന്ന് അറിയില്ല. മാർട്ടിൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു.

കൊച്ചിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. തൃശ്ശൂർ മുണ്ടൂരിലെ ചതുപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതിനിടെ, മാർട്ടിനെതിരേ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.

Content Highlights:kochi flat rape case martin joseph response about case