കൊച്ചി: ഏലൂർ ജൂവലറി കവർച്ചാക്കേസിലെ പ്രതിയെ പോലീസ് കൊച്ചിയിൽ എത്തിച്ചു. വ്യാഴാഴ്ച ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് പിടികൂടിയ ഷെയ്ഖ് ബാബ്ലു അടിബറി(37)യെയാണ് കൊച്ചിയിലെത്തിച്ചത്.

അതിസാഹസികമായ യാത്രക്കൊടുവിൽ പശ്ചിമബംഗാൾ പോലീസിന്റെ സഹായത്തോടെ കൊൽക്കത്തയിൽ നിന്ന് 80 കിലോമീറ്റർ അകലെ അതിർത്തിയിലെ പേട്രപ്പോൾ പ്രദേശത്തുനിന്നാണ് കൊച്ചി സിറ്റി പോലീസ് പ്രതിയെ പിടികൂടിയത്. മോഷണ സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ബംഗ്ലാദേശുകാരാണ്. ഇവരെ പിടികൂടിയിട്ടില്ല.

നവംബർ 15-ന് രാത്രിയാണ് ഏലൂരിലെ ഐശ്വര്യ ജൂവലറിയുടെ ഭിത്തി കുത്തിത്തുറന്ന് അകത്തുകയറി മൂന്ന് കിലോ സ്വർണാഭരണങ്ങളും 25 കിലോ വെള്ളിയാഭരണങ്ങളും മോഷ്ടിച്ചത്.

ഗുജറാത്തിലെ സൂറത്തിൽ വിവിധ ജൂവലറികളിലായി മോഷ്ടാക്കൾ വിൽപ്പന നടത്തിയ ഒന്നേകാൽ കിലോ സ്വർണം ഉരുക്കിയ നിലയിൽ പോലീസ് കണ്ടെടുത്തു.

ജൂവലറിയിൽ സി.സി.ടി.വി. ഇല്ലാതിരുന്നത് അന്വേഷണത്തെ ആദ്യഘട്ടത്തിൽ ബാധിച്ചു. തുടർന്ന് ഏലൂർ മുതൽ ആലുവ വരെയുള്ള നൂറുകണക്കിന് സി.സി.ടി.വി. ദൃശ്യങ്ങളും 20 ലക്ഷത്തോളം ഫോൺ കോളുകളും പരിശോധിച്ചു.

ചില ഫോണുകൾ സംഭവ ദിവസത്തിനു ശേഷം ഓഫ് ആയതായി കണ്ടെത്തി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൂറത്ത് സ്വദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചു. പക്ഷേ, ബംഗ്ലാദേശ് സ്വദേശികളായ ചിലർ അതിർത്തി കടന്നിരുന്നു.

പാരയായി പാര

കേസിൽ പ്രതിക്ക് പാരയായത് ഒരു കമ്പിപ്പാരയായിരുന്നുവെന്ന് എ.സി.പി കെ. ലാൽജി പറഞ്ഞു. മോഷണം നടന്ന ജൂവലറിയുടെ പരിസര പ്രദേശത്ത് നിന്ന് ഒരു കമ്പിപ്പാര കണ്ടുകിട്ടിയിരുന്നു.

ഇത് എവിടെനിന്ന് വാങ്ങിയതാണെന്ന അന്വേഷണം ആലുവയിലെ ഒരു വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചു. ഇവിടത്തെ സി.സി.ടി.വി.യിൽനിന്ന് പ്രതിയുടെ കൂടുതൽ വ്യക്തമായ ചിത്രം ലഭിച്ചു.

പ്രതികളെ തേടി പോലീസിന്റെ യാത്ര

പ്രത്യേക അന്വേഷണ സംഘം

മോഷണ വിവരം അറിഞ്ഞ ഉടൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഏലൂർ സി.ഐ എം. മനോജ്, എസ്.ഐ എം. പ്രദീപ്, ഷാഡോ പോലീസ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപവത്‌കരിച്ചു. സൈബർ സെല്ലിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരെയും സംഘത്തിൽ ഉൾപ്പെടുത്തി.

ഡിസംബർ 13

പ്രതികളെക്കുറിച്ചുളള വിവരം കിട്ടിയതോടെ ബാബ്ലൂവിന്റെ സൂറത്ത് വിലാസം തേടി റോഡുമാർഗം പോലീസ് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നു. ഇതേ ദിവസംതന്നെ ബാബ്ലുവും കുടുംബാംഗങ്ങളും കൂട്ടുപ്രതിയുടെ കുടുംബാംഗങ്ങളും സൂറത്തിൽനിന്ന് കൊൽക്കത്തയിലേക്കും ട്രെയിൻ കയറി.

ഡിസംബർ 14

1626 കിലോമീറ്റർ സഞ്ചരിച്ച് ഏലൂർ സി.ഐ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സൂറത്തിലെത്തി. ഇവിടത്തെ ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. പ്രതികൾ രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നു.

ഡിസംബർ 15

ബാബ്ലുവും സംഘവും എത്തുന്ന സമയം മനസ്സിലാക്കി പോലീസ് ബംഗാളിലെ ഹൗറ റെയിൽവേ സ്റ്റേഷനിൽ ഇവർക്കായി വലവിരിച്ചു. അപ്പോഴും പോലീസിനെ കബളിപ്പിച്ച് ബാബ്ലൂവും സംഘവും കടന്നുകളഞ്ഞു. ഹൗറയ്ക്ക് മുൻപുള്ള സ്റ്റേഷനിൽ ഇറങ്ങി 80 കിലോ?മീറ്റർ അകലെയുള്ള പേട്രപ്പോൾ അതിർത്തിയിലേക്ക് ബസ് മാർഗം ഇവർ യാത്രതിരിച്ചു. ഗുജറാത്തിൽനിന്ന് പോലീസ് വിമാനമാർഗം കൊൽക്കത്തയിൽ എത്തി പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.

ഡിസംബർ 24

ബാബ്ലുവും ഭാര്യയും ഒഴികെയുള്ള മറ്റുള്ളവരെ, ബംഗ്ലാദേശിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ ബംഗാൾ പോലീസ് പിടികൂടുന്നു. ഏജൻസി വഴി കടക്കാനുള്ള ശ്രമം നടത്തിയ ബാബ്ലുവിനെ കൊച്ചി സിറ്റി പോലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുന്നു.

ഡിസംബർ 25, കൊച്ചിയിലേക്ക്

ബംഗാളിലെ ബോങ്കാവ് കോടതിയിൽ ഹാജരാക്കിയ ബാബ്ലൂവുമായി പോലീസ് കേരളത്തിലേക്ക്

Content Highlights:kochi eloor jewllery theft case