കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കന്‍ നമ്പറുകളില്‍നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. ഇത് കേസില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്.

കടല്‍വഴി കേരള-തമിഴ്‌നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജന്‍സും എന്‍.സി.ബി.യും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാക്കനാട് മയക്കുമരുന്നു കേസില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിന്‍ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ് വംശജരാണ്. ഇവര്‍ക്ക് ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

ട്രിപ്ലിക്കെയിന്‍ സംഘത്തെ കുറിച്ചുള്ള അന്വേഷണമാണ് നിലവില്‍ കീറാമുട്ടിയായി നില്‍ക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രിപ്ലിക്കെയിന്‍ സംഘത്തിന്റെ ഏജന്റുമാരുടെ ഫോണ്‍ നമ്പറുകള്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലവും തിരിച്ചറിഞ്ഞു. ഇവിടെയെത്തി ഇവരെ പിടികൂടുക എളുപ്പമല്ല.

ഒന്നാം പ്രതി വാങ്ങാനിരുന്ന എസ്റ്റേറ്റ് കണ്ടെത്തി
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി എക്‌സൈസ് ക്രൈംബ്രാഞ്ച്. കസ്റ്റഡിയില്‍ വാങ്ങിയ ദീപേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. പ്രതികള്‍ കൊടൈക്കനാലില്‍ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഇടങ്ങളെല്ലാം അന്വേഷണം സംഘം കണ്ടെത്തി. ഇവിടെ എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലില്‍ വാങ്ങാനായി അഡ്വാന്‍സ് നല്‍കിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ടെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു. പിന്നീട് തര്‍ക്കംമൂലം ഈ ഇടപാട് മുടങ്ങി.

കോടികള്‍ വിലവരുന്ന എസ്റ്റേറ്റ് വാങ്ങാനായി മുഹമ്മദ് ഫവാസ് തീരുമാനിച്ചതിനാല്‍ത്തന്നെ വലിയ മയക്കുമരുന്ന് ഏര്‍പ്പാട് ഇയാള്‍ മുഖാന്തിരം നടന്നു കാണുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംസ്ഥാനത്ത് റേവ് പാര്‍ട്ടികള്‍ക്കെതിരേ എക്‌സൈസും പോലീസും അന്വേഷണം കടുപ്പിച്ചതിനാലാണ് കൊടൈക്കനാല്‍ ഇയാള്‍ പാര്‍ട്ടിക്കായി തിരഞ്ഞെടുത്തത്. സ്വന്തം എസ്റ്റേറ്റ് വാങ്ങി റേവ് പാര്‍ട്ടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി.

കേസില്‍ സംശയിക്കുന്ന ഒരാളുടെ ഒളിസങ്കേതത്തിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇയാളെ വൈകാതെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. കസ്റ്റഡി കാലാവധി തീര്‍ന്ന ദീപേഷിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.

ഹെറോയിന്‍ കൈമാറ്റത്തിന് ഇറാനിയന്‍ സംഘം ലക്ഷ്യമിട്ടത് കൊച്ചി തീരം

അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില്‍ പിടിയിലായ ഇറാനിയന്‍സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷകസംഘത്തോട് ഇവര്‍ പറഞ്ഞു.

പോര്‍ബന്ദര്‍ തീരത്തുവെച്ച് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പിടികൂടിയ ഇറാനിയന്‍ കള്ളക്കടത്തുകാരെ കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോളാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഇറാനിലെ കൊനാരക് തുറമുഖത്തുനിന്ന് പുറപ്പെട്ട ഇവരെ നിയോഗിച്ചത് ഇമാം ബക്ഷ്, ഖാന്‍ സാഹബ് എന്നിവരാണ്. പാക് കടല്‍ അതിര്‍ത്തിയില്‍വെച്ച് 30 കിലോ ഹെറോയിന്‍ കൈമാറിയത് ഗുലാം എന്ന ഏജന്റാണ്. കൊച്ചി തീരത്ത് അലി മുഹമ്മദ് എന്നയാള്‍ ഇതുവാങ്ങുമെന്നായിരുന്നു അറിയിച്ചത്. ലങ്കന്‍ പതാകയുള്ള ഒരു ബോട്ടുമായാണ് ഇയാള്‍ എത്തുകയെന്നും അറിയിച്ചിരുന്നു. പക്ഷേ, സംഘം ഗുജറാത്ത് കടല്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പദ്ധതിമാറ്റാന്‍ നിര്‍ദേശം വന്നു.

ഈയിടെനടന്ന വന്‍ ഹെറോയിന്‍ വേട്ടയെത്തുടര്‍ന്ന് ലങ്കന്‍ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനാല്‍ അലി മുഹമ്മദ് ദൗത്യത്തില്‍നിന്ന് പിന്മാറി. ഇന്ത്യയിലെ പഞ്ചാബിലേക്ക് ചരക്കയക്കാന്‍ പിന്നീട് ഏര്‍പ്പാടായി. പക്ഷേ, രണ്ടുദിവസം ഇറാനിയന്‍സംഘത്തിന് ഗുജറാത്ത് കടലില്‍ കാത്തുകിടക്കേണ്ടിവന്നു. ഇത് സംശയത്തിനിടയാക്കുകയും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.

ഇതിനിടെ മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ച കേസ് എന്‍.ഐ.എ.ക്ക് കൈമാറാനുള്ള സാധ്യത തെളിഞ്ഞു. ഇറാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ തീവ്രവാദസംഘങ്ങള്‍ കടത്തിനുപിന്നിലുണ്ടെന്ന സൂചനയെത്തുടര്‍ന്നാണിത്. ഇതിനകം വിവിധ രാജ്യക്കാരായ എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഡി.ആര്‍.ഐ. ആണ് നിലവില്‍ കേസന്വേഷിക്കുന്നത്.