കൊച്ചി: മാലിന്യമിടുന്നത് ചോദ്യം ചെയ്ത കോര്‍പ്പറേഷന്‍ കൗണ്‍സിലറിനും ഭര്‍ത്താവിനും നേരേ അസഭ്യവര്‍ഷം നടത്തുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേണുഗോപാലനെ (66)യാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മത്തായി മാഞ്ഞൂരാന്‍ റോഡില്‍ എച്ച്.എല്‍.എല്‍. കമ്പനിക്ക് സമീപം മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത 68-ാം ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ദിലീപിനെയും ഭര്‍ത്താവ് കെ.ജി. ദിലീപ്കുമാറിനെയും വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

കൗണ്‍സിലര്‍ക്ക് നേരേയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കൊച്ചി നഗരസഭ ആവശ്യപ്പെട്ടിരുന്നു.