കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിന്റെ അന്വേഷണം പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവിലേക്ക്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യംചെയ്യുന്ന അധോലോക കുറ്റവാളി രവി പൂജാരിയിൽ നിന്നാണ് ഗുണ്ടാ നേതാവിനെക്കുറിച്ച് വിവരം ലഭിച്ചത്.

ആദ്യദിനം തനിക്ക് കാസർകോട്ടെ ഗുണ്ടാ നേതാവായ ജിയയെ മാത്രമേ അറിയൂ എന്നും ഇയാൾ അറിയിച്ചതു പ്രകാരമാണ് ബ്യൂട്ടി പാർലർ ഉടമ ലീന മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതും പിന്നീട് വെടിവെപ്പ് നടത്തിയതുമെന്നും ആയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ചോദ്യംചെയ്യൽ മൂന്നു ദിവസം പിന്നിട്ടപ്പോൾ മറ്റുള്ളവരുടെ പേരുകൂടി രവി പൂജാരി വെളിപ്പെടുത്തി.

ജിയയാണ് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയാൽ പണം ലഭിക്കുമെന്ന കാര്യം രവി പൂജാരിയെ അറിയിച്ചത്. രവി പൂജാരി ഫോണിൽ വിളിച്ച് ലീനയോട് 25 കോടി രൂപ ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വെടി ഉതിർക്കാനായി തിരഞ്ഞെടുത്തത് പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെയാണ്. മംഗലാപുരം-കാസർകോട് സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഇയാൾ. പെരുമ്പാവൂർ ഗുണ്ടാ സംഘവുമായി അടുത്ത ബന്ധമുള്ള ആലുവ സ്വദേശി അൽത്താഫാണ് കാസർകോട് സംഘം നൽകിയ തോക്കുകളും ബൈക്കും എത്തിച്ചുനൽകിയത്.

രവി പൂജാരിയുടെ ശബ്ദസാമ്പിളും അന്വേഷണ സംഘം ശേഖരിച്ചു. ആക്രമണം നടന്ന് നാലു ദിവസത്തിന് ശേഷം രവി പൂജാരി വാർത്താ ചാനലിൽ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്ന് അറിയിച്ചിരുന്നു. ഈ വിവരം തെളിയിക്കുന്നതിനായാണിത്.

ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലീന മരിയ പോളിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽപേരുടെ പങ്ക് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അവരെക്കൂടി പ്രതി ചേർക്കും.

ജൂൺ രണ്ടിന് രാത്രി കൊച്ചിയിലെത്തിച്ച രവി പൂജാരിയെ മൂന്നു ദിവസങ്ങളിലായി തീവ്രവാദ വിരുദ്ധ സേനയുടെയും ക്രൈംബ്രാഞ്ചിന്റെയും നേതൃത്വത്തിൽ ചോദ്യംചെയ്തു വരികയാണ്. ജൂൺ എട്ട് വരെയാണ് പൂജാരിയെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.

അകത്തിരുന്ന് പ്ലാനിങ്

പനമ്പിള്ളി നഗർ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടക്കുമ്പോൾ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് ജയിലിലാണ്. ഇയാളെ പ്രതിയാക്കുന്നതിന് തെളിവുകൾ ശേഖരിക്കേണ്ടി വരും. ജയിലിലാകുന്നതിന് മുമ്പേ ഓപ്പറേഷൻ പ്ലാൻചെയ്ത ശേഷം പോലീസിൽ പിടികൊടുത്ത് ജയിലിലാവുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. കേസ് കോടതിയിലെത്തിയാലും സംഭവസമയത്ത് ആസൂത്രകൻ ജയിലിലാണെന്നു വരുന്നത് രക്ഷപ്പെടാൻ സഹായകമാവുമെന്ന നിഗമനത്തിലാണിത്. അതുകൊണ്ടുതന്നെ ശക്തമായ തെളിവുകൾ കൃത്യമായി കണ്ടെടുക്കേണ്ടി വരും പോലീസിന്.

ശബ്ദസാമ്പിൾ ശേഖരിച്ചത് ആകാശവാണിയിൽ

കൊച്ചി: അതീവ സുരക്ഷയൊരുക്കി രഹസ്യമായാണ് പൂജാരിയെ കാക്കനാട്ട് ആകാശവാണി നിലയത്തിൽ എത്തിച്ച് ശബ്ദസാമ്പിൾ എടുത്തത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് അഞ്ചരയോടെ എ.ടി.എസ്. ആസ്ഥാനത്തേക്ക് തിരികെ എത്തിച്ചു. ഭീഷണിപ്പെടുത്തിയ ഫോൺകോൾ രവി പൂജാരിയുടേതു തന്നെ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ വേണ്ടിയാണ് ശബ്ദസാമ്പിൾ എടുത്തത്.

അണിയറ നാടകങ്ങൾ, എറണാകുളത്തെ രണ്ട് ഡോക്ടർമാർ

കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് രണ്ട് ഡോക്ടർമാർ ചേർന്ന്. ലീന മരിയ പോളിന്റെ സുഹൃത്തായ ഡോക്ടറും ഇയാളുടെ സുഹൃത്ത് അജാസുമാണ് പദ്ധതിയുണ്ടാക്കുന്നത്. ഇവരാണ് ലീന മരിയ പോളിനെ കുറിച്ചുള്ള വിവരങ്ങൾ രവി പൂജാരിയുടെ സംഘത്തിനെത്തിക്കുന്നത്.

കൊല്ലം സ്വദേശിയും ഡോക്ടറുമായ അജാസിന് പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവുമായും കാസർകോട്ടെ ഗുണ്ടയായ ജിയയുമായും ബന്ധമുണ്ട്.

ലീനയുടെ സുഹൃത്തായ ഡോക്ടർ അജാസിനോട് ലീനയുടെ സമ്പത്തിനെക്കുറിച്ച് അറിവുനൽകി. ലീന ഒരു ദിവസം നടത്തുന്ന പാർട്ടിക്കുതന്നെ വൻതുക ചെലവാക്കുന്നുണ്ടെന്നും ഇവരുടെ കൈയിൽ അളവറ്റ പണം വന്നുചേർന്നിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.

ലീനയ്ക്ക് പലപ്പോഴായി ഡോക്ടർ സഹായം ചെയ്തുനൽകിയിട്ടുമുണ്ട്. ലീനയുടെ ഭർത്താവ് സുകേഷ് ചന്ദ്രശേഖരന് പരോൾ അടക്കമുള്ള കാര്യങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ ഇയാൾ സഹായിച്ചതായിട്ടാണ് വിവരം. ഇങ്ങനെ ലീനയുടെ വിശ്വാസം ഇയാൾ പിടിച്ചുപറ്റിയിരുന്നു. പരിചയമുള്ള ഗുണ്ടാ സംഘങ്ങൾ വഴി ലീനയിൽ നിന്ന് പണം തട്ടാനുള്ള പ്ലാൻ രവി പൂജാരിയെ അറിയിച്ചു.

രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും ലീന മരിയ പോൾ പണം നൽകാൻ തയ്യാറാകാതെ വന്നതോടെ വെടിവെപ്പിനുള്ള പദ്ധതി തയ്യാറാക്കി. ഇതിലും ഡോക്ടർമാരുടെ സഹായമുണ്ടായിരുന്നു.

ബ്യൂട്ടി പാർലറിന് അടുത്തു തന്നെയാണ് ഡോക്ടർമാർ താമസിച്ചിരുന്നത്. ബ്യൂട്ടി പാർലർ സന്ദർശിച്ച് സാഹചര്യവും മറ്റും ഡോക്ടർ മനസ്സിലാക്കി. ലീന പാർലറിൽ വരുന്ന സമയവും മനസ്സിലാക്കി. ഈ വിവരങ്ങളൊക്കെ വെച്ചാണ് വെടിവെപ്പ് അരങ്ങേറുന്നത്.

വെടിവെപ്പിന് ആയുധം എത്തിച്ചുകൊടുത്ത അൽത്താഫുമായും നല്ല ബന്ധമാണ് അജാസിനുള്ളത്. അജാസിന്റെ രണ്ട് കേന്ദ്രങ്ങളിൽ നേരത്തെ ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു. ഇപ്പോൾ ഇയാൾ വിദേശത്താണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

Content Highlights:kochi beauty parolour shooting case ravi pujari