കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ വിമാനമാർഗം തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്.) സംഘം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയ്ക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് പുറപ്പെട്ടത്. ബെംഗളൂരുവിലെ കോടതി നടപടികൾക്കു ശേഷമാണ് വീണ്ടും ജയിലിലയയ്ക്കുക.

കേസിൽ കൂടുതൽപേർ പിടിയിലാവാനുണ്ടെന്ന് അന്വേഷണ സംഘം എറണാകുളം എ.സി.ജെ.എം. കോടതിയിൽ അറിയിച്ചു. ഒമ്പതു ദിവസം കസ്റ്റഡിക്കു ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് റിപ്പോർട്ടും രവി പൂജാരിയുടെ ശബ്ദ സാമ്പിളും അന്വേഷണ സംഘം കോടതിക്ക് കൈമാറി. പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞെങ്കിലും ഒന്നുമില്ലെന്നായിരുന്നു രവി പൂജാരിയുടെ മറുപടി.

രവി പൂജാരിയുടെ കുറ്റസമ്മത മൊഴി പ്രകാരം കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്നാണ് എ.ടി.എസിന്റെ നിഗമനം. വിശദമായ അന്വേഷണത്തിനു ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വെടിവെപ്പ് കേസിൽ ക്വട്ടേഷൻ നടപ്പിലാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ രവി പൂജാരി നൽകിയതിനാൽത്തന്നെ ഇനി കസ്റ്റഡി നീട്ടി ചോദിക്കേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

നടി ലീന മരിയ പോളിന്റെ മൊഴി വിഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തിയിരുന്നു. രവി പൂജാരിയുടെ ശബ്ദം ലീന തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിയുടെ ശബ്ദ സാമ്പിൾ സമർപ്പിച്ചത് കോടതി പിന്നീട് പരിശോധിക്കും.

കാസർകോട് ബേവിഞ്ചയിൽ വെടിവെപ്പ് നടത്തിയതും തന്റെ നിർദേശപ്രകാരമായിരുന്നെന്ന് രവി പൂജാരി സമ്മതിച്ചിട്ടുണ്ട്. ഈ കേസിലും രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. എന്നാൽ, ഇത് ഉടനേ ഉണ്ടാകില്ല.

2018 ഡിസംബർ 15-നാണ് പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിവെപ്പുണ്ടായത്. കേസിൽ നാലു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ ദുബായിലേക്ക് കടന്നതായാണ് കണ്ടെത്തൽ. എന്നാൽ, തനിക്ക് ഈ കാര്യത്തിൽ ഒന്നുമറിയില്ലെന്നാണ് രവി പൂജാരി പറയുന്നത്. ജൂൺ രണ്ടിനാണ്, ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന രവി പൂജാരിയെ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരിയിലെ എ.ടി.എസ്. ആസ്ഥാനത്ത് രവി പൂജാരിയെ ചോദ്യംചെയ്തു വരികയായിരുന്നു.

വെടിവെപ്പ് ആസൂത്രണം സെനഗലിൽ

കൊച്ചി: പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലെ വെടിവെപ്പ് രവി പൂജാരി ആസൂത്രണം ചെയ്തത് ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വെച്ച്. തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്.) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം സൂചിപ്പിക്കുന്നത്. സെനഗലിൽ വെച്ചായിരുന്നു രവി പൂജാരി അറസ്റ്റിലായതും.

ഭീഷണിപ്പെടുത്തി പണംതട്ടുന്ന പദ്ധതി രാജ്യത്തൊട്ടാകെ നടത്താൻ രവി പൂജാരി പദ്ധതിയിട്ടിരുന്നു. പ്രാദേശിക ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ പദ്ധതി നടത്താനായിരുന്നു ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലും കാസർകോട്ടും വെടിവെപ്പുണ്ടായത്.

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ കൂടുതൽ പേരുടെ പേരുകൾ രവി പൂജാരി വെളിപ്പെടുത്തിയെങ്കിലും കൂട്ടുപ്രതികളുടെ വിവരങ്ങളൊന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

രവി പൂജാരി വെളിപ്പെടുത്തിയ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ്, കാസർകോട് സ്വദേശി ജിയ (സിയ), അജാസ്, മോനായി എന്നിവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീന മരിയ പോളും കേസിലെ പ്രതികളും തമ്മിൽ ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ലീനയിൽ നിന്ന് പണം തട്ടുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം.