കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് സിറ്റി ഷാഡോ പോലീസ് നേരത്തെ അറിഞ്ഞു, കൃത്യമായി വിവരവും നല്‍കി. എന്നാലിത് മുഖവിലയ്‌ക്കെടുത്തില്ല. പിന്നീട് കേസിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഷാഡോ പോലീസ് അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും പ്രയോജനപ്പെട്ടില്ല. മാത്രമല്ല, ഇതേത്തുടര്‍ന്ന് കൊച്ചി സിറ്റി ഷാഡോ പോലീസ് സംഘം തന്നെ പിരിച്ചുവിടപ്പെട്ടു. കേസിലെ പ്രതി അജാസിന്റെ ബുദ്ധിയാണ് ഷാഡോ പോലീസിനെതിരേ കാര്യങ്ങള്‍ തിരിച്ചതെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലോ, വീട്ടിലോ വെടിവെപ്പ് നടക്കുമെന്നാണ് ഷാഡോ പോലീസ് മുന്നറിയിപ്പ് നല്‍കിയത്. രവി പൂജാരിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷനാണെന്നും പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണിത് ഏറ്റെടുത്തത് എന്നുമായിരുന്നു വിവരം. ഷാഡോ പോലീസ് വിവരം വേണ്ടപ്പെട്ടവരെ ധരിപ്പിക്കുകയും ചെയ്തു. പക്ഷേ, പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് ആ സമയം ജയിലില്‍ ആണെന്ന കാരണം പറഞ്ഞ് അന്നിത് തള്ളിക്കളഞ്ഞു.

വെടിവെപ്പ് നടന്ന ശേഷം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നിര്‍ണായക വിവരങ്ങള്‍ ഷാഡോ പോലീസ് കണ്ടെത്തി. പക്ഷേ, അന്വേഷണത്തെ തടയാന്‍ ചിലര്‍ ഒരുക്കിയ കെണിയില്‍ പിന്നീടിവര്‍ വീണു. ലഹരിവേട്ട വ്യാപകമായി നടത്തിയിരുന്ന ഷാഡോ പോലീസിന് ഇന്‍ഫോര്‍മറായെത്തിയ അജാസ് ചില വിവരങ്ങള്‍ കൃത്യമായി നല്‍കി വിശ്വാസ്യത പിടിച്ചുപറ്റുകയും പിന്നീട് തന്ത്രപൂര്‍വം ചില വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് വെടിവെപ്പ് കേസില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് കേസില്‍ അജാസിന്റെ ബന്ധം രഹസ്യപ്പോലീസ് തിരിച്ചറിഞ്ഞത്. അജാസിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതോടെ താനടക്കം കുടുങ്ങുമെന്ന് മനസ്സിലാക്കിയ ഇയാള്‍ മുമ്പ് ചോര്‍ത്തിയെടുത്ത ചില വിവരങ്ങള്‍ ഷാഡോ പോലീസിനെതിരേ ആയുധമാക്കുകയായിരുന്നു. ലഹരിമരുന്ന് വില്‍ക്കുന്നവരെ വേഷം മാറി പിടിക്കാനായി പോലീസ് നടത്തുന്ന നീക്കങ്ങള്‍ വരെ ബട്ടണ്‍ ക്യാമറ വെച്ച് ഇയാള്‍ പിടിച്ചെടുത്തിരുന്നു. ഇവ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഷാഡോ പോലീസിന് ലഹരിമരുന്ന് വില്‍ക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന തരത്തിലാണിതു പ്രചരിച്ചത്. ഇതോടെ ഷാഡോ പോലീസ് സംഘം സംശയ നിഴലിലായി. ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം വരികയും വൈകാതെ സംഘം പൊളിയുകയും ചെയ്തു.

രവി പൂജാരിയുടെ ചോദ്യംചെയ്യല്‍ തുടരുന്നു

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നവരെ ക്രൈംബ്രാഞ്ച് സംഘം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോളിന്റെ മൊഴിയും രേഖപ്പെടുത്തും.  രവി പൂജാരിയുടെ കസ്റ്റഡി കാലാവധി നീട്ടിച്ചോദിച്ച് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് എറണാകുളം സി.ജെ.എം. കോടതിയില്‍ അപേക്ഷ നല്‍കും.

ഒളിവിടം ഒരുക്കിയതും വിവരം നല്‍കിയതും ഒരാള്‍

മംഗലാപുരത്തെ കൊലപാതക കേസില്‍ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് പോലീസ് പിടിയിലാകുന്നത് കാക്കനാടുള്ള ഫ്‌ലാറ്റില്‍നിന്നാണ്. ഇത് കേസില്‍ പങ്കുള്ള അജാസിന്റെ ഫ്‌ലാറ്റാണെന്നാണ് വിവരം. കൊലപാതക കേസില്‍ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് ഒളിവില്‍ കഴിയുന്ന വിവരം കര്‍ണാടക പോലീസിനാണ് ലഭിക്കുന്നത്. ഇവര്‍ പെരുമ്പാവൂര്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലാകും മുമ്പ് ഫ്‌ലാറ്റില്‍നിന്ന് ഒരു തോക്ക് പറവൂര്‍ക്ക് മാറ്റിയിരുന്നു. ഗുണ്ടാ നേതാവ് ഒളിവിലുള്ള വിവരം നല്‍കിയത് അജാസ് തന്നെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

Content Highlights: kochi beauty parlour shooting case ravi pujari