പുണെ: മുംബൈ ലഹരിക്കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവി അറസ്റ്റില്‍.. ഇന്ന് പുലര്‍ച്ചെ പുണെ പോലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടന്ന ദിവസം എന്‍.സി.ബി റെയ്ഡ് നടക്കുമ്പോള്‍ ഗോസാവിയും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. കിരണ്‍ ഗോസാവി സമീര്‍ വാംഖഡെയുടെ സഹായിയാണെന്നും എന്‍.സി.ബി കേസുകളില്‍ ഇടനിലക്കാരനായി നിന്ന് കോടികള്‍ തട്ടുന്നുവെന്നും ആരോപണമുണ്ടായിരുന്നു. 

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി റെയ്ഡില്‍ ഗോസാവി എന്‍.സി.ബി സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും ഷാരൂഖ് ഖാനില്‍ നിന്ന് കോടികള്‍ ആവശ്യപ്പെട്ടുവെന്നും കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പുണെ പോലീസിന്റെ കസ്റ്റഡിയിലുള്ള കിരണ് ഗോസാവി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ ഒരു കേസിലും ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും ആഡംബര കപ്പലില്‍ റെയ്ഡ് നടക്കുമ്പോള്‍ അവിടേക്ക് പോയത് സ്വകാര്യ ഡിറ്റക്ടീവ് എന്ന നിലയിലാണെന്നും ഗോസാവി പറയുന്നു.

ഇന്ന് ഉച്ചയോടെ മുംബൈയില്‍ എത്തിച്ച ശേഷം ഇയാളെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടേക്കും. ഈ കേസില്‍ എന്‍.സി.ബി ഗോസാവിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉത്തര്‍പ്രദേശ് പോലീസില്‍ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുന്‍പ് പറഞ്ഞിരുന്നു. മുംബൈ പോലീസില്‍ വിശ്വാസമില്ലെന്നും ഭയമുണ്ടെന്നും ഗോസാവി പറഞ്ഞിരുന്നു. ആര്യന്‍ ഖാന്‍ പിടിയിലായ കപ്പലിലും പിന്നീട് എന്‍.സി.ബി ഓഫീസിലും താരപുത്രനൊപ്പമുള്ള ഗോസാവിയുടെ സെല്‍ഫികള്‍ പ്രചരിച്ചിരുന്നു.

ഗോസാവിക്ക് എന്‍.സി.ബി ആര്യന്‍ഖാനെ കാണാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും അതിര്കടന്ന സ്വാതന്ത്ര്യം നല്‍കുന്നുവെന്നും ഇത് അന്വേഷണത്തില്‍ വലിയ ക്രമക്കേടുണ്ടെന്നതിന്റെ തെളിവാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടി വാങ്ങിയെടുക്കുമെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെക്കാണെന്നും ഗോസാവി ഫോണില്‍ പറയുന്നത് കേട്ടുവെന്നും കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണവും ഗോസാവി നിഷേധിച്ചു.

Content Highlights: kiran gosavi detained in pune