തിരുവനന്തപുരം:  ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമണ്‍തൊടി സലാം മന്‍സില്‍ അബ്ദുള്‍ സലാമിനെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യാപിതാവ് മടത്തറ തുമ്പമണ്‍തൊടി എ.എന്‍.എസ്. മന്‍സിലില്‍ യഹിയ(75) ആണ് കഴിഞ്ഞദിവസം കാറിടിച്ച് മരിച്ചത്. അബ്ദുള്‍സലാമിന്റെ മകന്‍ അഫ്‌സലിനും(14) കാറിടിച്ച് പരിക്കേറ്റിരുന്നു. 

സലാമും ഭാര്യയും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച കേസ് കൊട്ടാരക്കര കുടുംബ കോടതിയില്‍ നടന്നുവരികയാണ്. കേസില്‍ തിരിച്ചടിയുണ്ടാകാതിരിക്കാനും വിധി അനുകൂലമായി വരാനും തന്റെ പേരിലുള്ള സ്വത്തുക്കള്‍ സഹോദരന്മാരുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് അബ്ദുള്‍ സലാം മാറ്റിയിരുന്നു. എന്നാല്‍ സ്വത്ത് കൈമാറ്റം തടയുന്നതിനായി ഇയാളുടെ ഭാര്യ കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങി. 

ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുള്‍ സലാമിന്റെ ഭാര്യാപിതാവ് യഹിയയും ചെറുമകനും കോടതി ജീവനക്കാരനുമായി അബ്ദുള്‍ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കാനായി വീട്ടിലേക്ക് കയറിയപ്പോള്‍ യഹിയയും ചെറുമകനായ അഫ്‌സലും തൊട്ടടുത്ത വീടിന്റെ മുന്നില്‍നിന്നു. ഈ സമയമാണ് കാറോടിച്ചെത്തിയ അബ്ദുള്‍ സലാം ഇരുവരെയും ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ യഹിയയെയും അഫ്‌സലിനെയും ഉടന്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യഹിയയെ രക്ഷിക്കാനായില്ല. പരിക്കേറ്റ അഫ്‌സല്‍ ചികിത്സയിലാണ്. 

Content Highlights: kilimanoor accident death is murder victims son in law arrested by police