കിളിമാനൂര്‍: മകളുടെ ഭര്‍ത്താവ് ഓടിച്ചുവന്ന കാറിടിച്ച് വയോധികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ചെറുമകന് ഗുരുതരമായി പരിക്കേറ്റു. മടത്തറ തുമ്പമണ്‍ തൊടി എ.എന്‍.എസ്. മന്‍സിലില്‍ യഹിയ(75) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തട്ടത്തുമല പാറക്കടയിലായിരുന്നു സംഭവം. യഹിയയുടെ മകളുടെ ഭര്‍ത്താവ് തുമ്പമണ്‍ തൊടി അസ്ലം മന്‍സിലില്‍ അബ്ദുല്‍ സലാം ഓടിച്ചുവന്ന കാറാണ് ഭാര്യാ പിതാവ് യഹിയയെയും അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് അഫ്‌സലി(14)നെയും ഇടിച്ചത്. ഇരുവരെയും ഉടന്‍ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യഹിയയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ അഫ്‌സല്‍ ചികിത്സയിലാണ്.

യഹിയയുടെ മകളും മരുമകന്‍ അബ്ദുല്‍ സലാമും ഇയാളുടെ തട്ടത്തുമലയില്‍ താമസിക്കുന്ന സഹോദരിയുമായി കോടതിയില്‍ കുടുംബ കേസും വസ്തുസംബന്ധമായ വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി അബ്ദുല്‍ സലാമിന്റെ സഹോദരിയുടെ വീട് കോടതി ഉദ്യോഗസ്ഥനു കാട്ടിക്കൊടുക്കുന്നതിനായാണ് ഇവര്‍ തട്ടത്തുമലയില്‍ എത്തിയത്.

ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കുന്നതിനായി വീട്ടില്‍ കയറിയപ്പോള്‍ പുറത്ത് മറ്റൊരു വീടിന്റെ മതിലിനടുത്തു നില്‍ക്കുമ്പോഴാണ് അബ്ദുല്‍ സലാം ഓടിച്ചുവന്ന കാര്‍ ഇരുവരെയും ഇടിച്ചത്. സംഭവശേഷം ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അബ്ദുല്‍ സലാമും ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. കിളിമാനൂര്‍ പോലീസ് കേസെടുത്തു. ചികിത്സയിലുള്ള അഫ്‌സലിന്റെ മൊഴിയെടുത്ത ശേഷമേ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് കിളിമാനൂര്‍ പോലീസ് പറഞ്ഞു. കാര്‍ ഓടിച്ച അബ്ദുല്‍ സലാം പോലീസ് നിരീക്ഷണത്തിലാണ്.