പാലക്കാട്: സിന്തറ്റിക് വിഭാഗത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് മൂത്താൻതറ സ്വദേശി ശ്രീകുമാറിനെയാണ് (25) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗൺ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്. 'കിളി'യെന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒലവക്കോട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പൗച്ചിലാക്കി ഒളിപ്പിച്ചുവെച്ച നിലയിൽ 1.5 ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയത്. കോയമ്പത്തൂരിലുള്ള ഏജന്റ് മുഖേനയാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ഗ്രാമിന് 4,000 രൂപ വിലയുള്ള മയക്കുമരുന്നാണിത്. മയക്കുമരുന്ന് ഇയാൾ മറ്റു പലർക്കും വിറ്റതായും സൂചനയുണ്ട്. ജില്ലപോലീസ് മേധാവി ജി. ശിവവിക്രത്തിന്റെ നിർദേശത്തെത്തുടർന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ടൗൺ നോർത്ത് എസ്.ഐ. സുധീഷ് കുമാർ, എ.എസ്.ഐ. നന്ദകുമാർ, എസ്.സി.പി.ഒ. സുമേഷ്, സി.പി.ഒ. സന്തോഷ് കുമാർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights:kili sreekumar arrested with mdma drugs in palakkad