ചിറ്റാരിക്കാല്‍: പോലീസ് ചമഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപ്പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പ്രാപ്പൊയില്‍ സ്വദേശി അനീഷിനെ (38) ആണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയോടെ സ്‌കൂളില്‍നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു പെണ്‍കുട്ടി. ചിറ്റാരിക്കാല്‍ ടൗണിനു സമീപത്തെത്തിയപ്പോള്‍ കാറില്‍ വന്ന യുവാവ് താന്‍ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി.

കുട്ടിയുടെ പിന്നാലെ ചിലര്‍ പിന്‍തുടര്‍ന്നു വരുന്നുണ്ടെന്നും വീട്ടില്‍കൊണ്ടുവിടാമെന്നും പറഞ്ഞു. കാറില്‍ കയറിയ കുട്ടിയെ വീട്ടിനടുത്ത് ഇറക്കിവിട്ടു. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. വീട്ടിലിറക്കിവിട്ട് അല്പസമയത്തിനുശേഷം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു പോലീസ് സ്റ്റേഷനില്‍ പോയി കാര്യം പറയണമെന്ന് പറഞ്ഞു.

പെണ്‍കുട്ടി പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ കാറുമായി അവിടെയുണ്ട്. അതില്‍ കയറുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കളിലൊരാള്‍ ടൗണിലെ ടാക്സി ഡ്രൈവറായ അമ്മാവനെ വിളിച്ചുപറഞ്ഞു.

പെണ്‍കുട്ടിയെ കയറ്റിയ കാര്‍ ടൗണിലെത്തിയപ്പോള്‍ അമ്മാവന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് യുവാവിനെ പോലീസിലേല്‍പ്പിച്ചു.