കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. ചെറുവത്തൂർ മടക്കരയിലെ ലാലാകബീർ (37), ചെറുവത്തൂരിലെ ഷുഹൈൽ (20), കാഞ്ഞങ്ങാട് പാറപ്പള്ളിയിലെ റംഷീദ് (35), കാഞ്ഞങ്ങാട്ടെ സഫ്വാൻ (23) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ അറസ്റ്റുചെയ്തത്. പ്രതികൾ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയിലെ കണ്ണികളാണെന്നും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പടന്നക്കാട് സ്വദേശിയായ മെഹ്റൂഫി(27)നെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ചുലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. വിവരമറിഞ്ഞ് പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. ചുവന്ന കാറിലാണ് പ്രതികൾ സഞ്ചരിക്കുന്നതെന്നറിഞ്ഞ പോലീസ് എല്ലാ ഭാഗത്തും വാഹന പരിശോധനയും തുടങ്ങി. വിവരം പോലീസ് അറിഞ്ഞുവെന്ന് മനസ്സിലാക്കിയപ്പോൾ അരലക്ഷം തന്നാൽ വിട്ടയക്കാമെന്നായി പ്രതികൾ. പിന്നീടത് പതിനായിരമായി.

തന്റെ കൈയിൽ പണമില്ലെന്ന് മെഹറൂഫ് ആവർത്തിച്ചു. തുടർന്ന് മർദിച്ച് അവശനാക്കിയ ശേഷം രാത്രി എട്ടരയോടെ മെഹ്റൂഫിനെ കാഞ്ഞങ്ങാടിനടുത്ത് അതിഞ്ഞാലിൽ ഉപേക്ഷിച്ചു.

ലാലാ കബീർ കാറുമായി കാസർകോട് ഭാഗത്തേക്കുപോയി. മറ്റു മൂന്നുപേർ ഓട്ടോറിക്ഷയിൽ മടങ്ങി. ബേക്കൽ പോലീസിന്റെ പരിശോധനയിൽ ലാലാ കബീർ പിടിയിലായി. കാറും കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെ ഷുഹൈലിനെ കാഞ്ഞങ്ങാട്ടുവച്ചും റംഷീദിനെയും സഫ്വാനെയും ശനിയാഴ്ച ഉച്ചയോടെ ചെറുവത്തൂരിലെ ഒരു ലോഡ്ജിൽവെച്ചും പിടിച്ചു. നാലുപേരെയും കോവിഡ് പരിശോധനയ്ക്കുശേഷം ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാൻഡുചെയ്തു. ഹോസ്ദുർഗ് പ്രിൻസിപ്പൽ എസ്.ഐ. കെ.പി.സതീശൻ, അഡീഷണൽ എസ്.ഐ.ശ്രീജേഷ്, എ.എസ്.ഐ. അബൂബക്കർ കല്ലായി തുടങ്ങിയവരും ഡിവൈ.എസ്.പി.ക്കൊപ്പമുണ്ടായിരുന്നു.

ആഴ്ചകൾക്കു മുൻപ് നീലേശ്വരം പോലീസ് രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിൽ സാക്ഷിയായിരുന്നു മെഹ്റൂഫ്. ഇതുമായി ബന്ധപ്പെട്ട കുടിപ്പകയായിരിക്കാം തട്ടിക്കൊണ്ടുപോകലിന് പിറകിലെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. പറഞ്ഞു.