ചട്ടഞ്ചാല്‍: ആരാധനാലയത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനൊന്നുകാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ഓട്ടോഡ്രൈവര്‍ ബാര അംബാപുരം പാറക്കടവിലെ എം.മനോജ്കുമാര്‍ (38), കോണ്‍ക്രീറ്റ് തൊഴിലാളി കൊല്ലം കൊട്ടംകരയിലെ പ്രേംകുമാര്‍ (35), കെട്ടിടനിര്‍മാണ തൊഴിലാളി തൃശ്ശൂര്‍ പുളിക്കലിലെ പി.കെ.ശരത് (29) എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

തിങ്കളാഴ്ച രാത്രി ഉദുമ ഈച്ചിലിങ്കാലിലായിരുന്നു സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് ഓട്ടോയില്‍ അതുവഴിവന്ന മൂവര്‍സംഘം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്. ഓട്ടോയില്‍ ബലമായി കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയ കുട്ടി പാഞ്ഞെത്തി വീട്ടില്‍ വിവരം പറയുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍, നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ പലവഴിയിലും അന്വേഷണം നടത്തുന്നതിനിടെ ഉദുമ വില്ലേജ് ഓഫീസിന് പിറകിലെ ഇടവഴിയില്‍ ഓട്ടോ കണ്ടെത്തി. ആളുകളെ കണ്ടതോടെ ഓട്ടോയിലുള്ളവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സംഘത്തിലെ രണ്ടുപേര്‍ നാട്ടുകാരുടെ പിടിയിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് ഇവരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തു. തിരച്ചില്‍ തുടര്‍ന്ന നാട്ടുകാര്‍ ഓടിപ്പോയ മൂന്നാമനെ ഉദുമയിലെ ഒരുകെട്ടിടത്തിന് മുകളില്‍നിന്ന് പിടികൂടി. തുടര്‍നടപടിക്കായി ബേക്കല്‍ പോലീസ് പിന്നീട് ഇവരെ മേല്‍പ്പറമ്പ് പോലീസിന് കൈമാറി.