തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ബീമാപള്ളി വയ്യാമൂല സ്വദേശി ഫൈസലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബീമാപള്ളി സ്വദേശി ബൈജു ടൈറ്റസ്(39), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ അനി(35) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ നവംബര്‍ 30-നായിരുന്നു സംഭവം. ഈഞ്ചയ്ക്കലില്‍നിന്ന് രാത്രി 7.30-ന് ഫൈസലിനെ നാലംഗസംഘം ബലമായി കാറില്‍ കയറ്റി തടിക്കഷണംകൊണ്ട് തലയില്‍ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ പ്രതികളിലൊരാളായ അഭിനന്ദി(21)നെ നേരത്തേ പിടികൂടിയിരുന്നു. സാമൂഹികമാധ്യമത്തിലൂടെ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

വഞ്ചിയൂര്‍ എസ്.എച്ച്.ഒ. രഗീഷ് കുമാര്‍, എസ്.ഐ. പ്രജീഷ് കുമാര്‍, എ.എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ ശിവപ്രസാദ്, നവീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒളിവില്‍ക്കഴിയുന്ന പ്രതി ധനുഷിനെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ നിസാര്‍ പറഞ്ഞു.