കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ഒന്നര വർഷത്തോളമായി കോഴിക്കോട് നഗരത്തെ വിറപ്പിച്ച പ്രായപൂർത്തിയാവത്ത കുട്ടികൾ അടക്കമുള്ള നാല് മോഷ്ടക്കാളെ കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്. പിടിയിലായവരിൽ പതിനെട്ടും പത്തൊമ്പതും വയസ്സുള്ള രണ്ട് പേരും പതിനെട്ട് വയസ്സ് തികയാത്ത മറ്റ് രണ്ട് പേരുമാണുള്ളത്. ലഹരി ഉപയോഗത്തിനായിട്ടാണ് ഇവർ മോഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇതിന് നൈറ്റ് ഔട്ട് എന്ന പ്രത്യേക പേരുമിട്ടു.

കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു(18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) എന്നിവരാണ് പിടിയിലായ പ്രായപൂർത്തിയായവർ. മറ്റ് രണ്ട് പേരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ലഹരി ഉപയോഗത്തിനായി രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീട്ടിന് പുറത്തിറങ്ങിയാണ് നാല് പേരും നൈറ്റ് ഔട്ട് തുടങ്ങുന്നത്. മോഷണം നടത്തി രക്ഷിതാക്കൾ ഉണരുന്നതിന് മുമ്പുതന്നെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും. രക്ഷിതാക്കൾ ഉറങ്ങാത്ത സാഹചര്യമുള്ള ദിവസങ്ങളിൽ സുഹൃത്തുകളുടെ അടുത്തേക്കെന്നും പറഞ്ഞാണ് പുറത്ത് പോവുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ എൺപതിൽ അധികം മോഷണ കേസുകൾക്കാണ് തുമ്പുണ്ടായതെന്ന് പോലീസ് പറയുന്നു.

ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു മോഷ്ടിച്ച ആക്ടീവ സ്കൂട്ടർ, മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു മോഷ്ടിച്ച ആക്ടീവ സ്കൂട്ടർ, നടക്കാവ് സ്റ്റേഷൻ പരിധിയിൽനിന്നു മോഷ്ടിച്ച ഡിസ്കവർ ബൈക്ക്, കൊയിലാണ്ടിയിൽനിന്നു മോഷ്ടിച്ച പൾസർ ബൈക്ക്, മലപ്പുറം തേഞ്ഞിപ്പലത്ത് നിന്നും മോഷ്ടിച്ച ആക്സസ് ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു. കൂടാതെ കടകളിലും മൊബൈൽ ഷോപ്പുകളിലുമെല്ലാമായി നടത്തിയ മറ്റ് എൺപത് കേസുകൾക്കും തുമ്പുണ്ടായിട്ടുണ്ട്.

അർധരാത്രിയിൽ ബൈക്കിൽ ട്രിപ്പിളായോ അല്ലെങ്കിൽ നാലു പേരെ വെച്ചോ പോയി വാഹനം മോഷ്ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.പിന്നീട് രക്ഷിതാക്കൾ അറിയാതെ വീട്ടിലെത്തി കിടക്കുകയും ചെയ്യുന്നതായി പോലീസ് പറയുന്നു.

മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സുകളും നമ്പർ പ്ലേറ്റുകളും മാറ്റുകയും വർക്ക്ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരി ക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങൾക്ക് ഉപയോഗിച്ചുമാണ് ഇവർ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്.

പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടാൽ അമിത വേഗതയിലോ ഇടവഴികളിലൂടെയോ കടന്നു കളയുകയോ അല്ലെങ്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയോ ആണ് ചെയ്യുന്നത്. പോലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്ന് അറിയുന്നത്. മോഷണം നടത്തിയ ബൈക്കുകൾ പിന്നീട് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമായും കോഴിക്കടകളിലാണ് ഇവർ മോഷണം നടത്തുന്നത്.

ഷോപ്പുകളുടെ പൂട്ടുകൾ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങൾ ഇവരുടെ കൈവശമുള്ളതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഉപയോഗം കഴിഞ്ഞ് ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിലും കുറ്റസമ്മതം നടത്താതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എലത്തൂർ പോലീസ് പിടിച്ച് റിമാന്റ് ചെയ്ത ജിഷ്ണു ജാമ്യത്തിൽ ഇറങ്ങിയതാണ്.

അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, എ.വി. സുമേഷ്, ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അനീഷ്, സീനിയർ സി.പി.ഒമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സി.പി.ഒ. പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Content Highlights: Kerala Police Theft KozhikodeChevayoor Police