തിരുവനന്തപുരം: തിരുവനന്തപുരത്തെ പോലീസ് ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ (ഡന്‍സാഫ്) പ്രവര്‍ത്തനം മരവിപ്പിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഡന്‍സാഫ് സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഹരി മാഫിയയുമായും തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തത്കാലം ഡന്‍സാഫ് ലഹരിപരിശോധന നടത്തേണ്ടെന്ന് തീരുമാനിച്ചത്. 

അടുത്തിടെ ഡന്‍സാഫ് പിടികൂടിയ ചില കേസുകളില്‍ ഒത്തുകളി നടന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ലഹരിമരുന്ന് പിടികൂടുന്ന കേസുകളില്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാത്തതും മറ്റുമാണ് സംശയത്തിനിടയാക്കിയത്.  കേസുകള്‍ പിടിക്കുന്നതായി വരുത്തിതീര്‍ക്കാന്‍ റോഡരികില്‍ കഞ്ചാവ് പൊതികള്‍ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് വിശദമായ അന്വേഷണം നടത്തിയത്.  തലസ്ഥാനത്തെ ചില ഗുണ്ടാസംഘങ്ങളുമായി ഡന്‍സാഫിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ലഹരിക്കടത്ത് തടയാനും ലഹരിമാഫിയകളെ പിടികൂടാനുമായാണ് പോലീസിന് കീഴില്‍ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡന്‍സാഫ്) എന്ന പേരില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നത്. എന്നാല്‍ ലഹരിവേട്ടക്കാര്‍ തന്നെ ലഹരിമാഫിയകളുമായി ഒത്തുകളി നടത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 

Content Highlights: kerala police dansaf ceased in thiruvananthapuram distrct