തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ കാർഡുടമയ്ക്ക് നഷ്ടപ്പെട്ട 51,889 രൂപ സൈബർസെല്ലിന്റെ ഇടപെടലിലൂടെ വീണ്ടെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.

ഇതുൾപ്പെടെ കഴിഞ്ഞ രണ്ടുമാസത്തിനിടെ വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 2,93,231 രൂപയാണ് സിറ്റി സൈബർസെൽ തിരിച്ചുപിടിച്ച് ഉടമകൾക്ക് നൽകിയത്.

മണക്കാട് സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽകോളേജിലെ ഡോക്ടറാണ് തട്ടിപ്പിനിരയായത്. തട്ടിപ്പുസംഘം എസ്.ബി.ഐ. ക്രെഡിറ്റ് കാർഡിൽനിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടത്.

ക്രെഡിറ്റ് കാർഡ് അപ്ഡേറ്റ് ചെയ്ത് പ്ലാറ്റിനം കാർഡാക്കി കൊടുക്കാമെന്നും അതിനായി കാർഡ് നമ്പർ നൽകണമെന്നും ആവശ്യപ്പെട്ടു. നമ്പർ നൽകി അല്പസമയത്തിനു ശേഷം, അദ്ദേഹത്തിന്റെ ഫോണിൽ വന്ന ഒ.ടി.പി. നമ്പറും തന്ത്രപൂർവം കൈക്കലാക്കിയ സംഘം അക്കൗണ്ടിൽ നിന്നും 51889 രൂപ തട്ടിയെടുക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ടയുടനെ തന്നെ ഡോക്ടർ സിറ്റി സൈബർ സെല്ലിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു.

ഉടൻതന്നെ സൈബർ സെൽ ഇടപെട്ട്, വാണിജ്യ സൈറ്റിലേക്ക് മാറ്റപ്പെട്ട തുക വീണ്ടെടുത്തു നൽകി.

ഒ.എൽ.എക്സ്. വഴി ആർമി, ബി.എസ്.എഫ്., സി.ആർ.പി.എഫ്., സി.ഐ.എസ്.എഫ്. എന്നിവയിലെ ഓഫീസർമാർ സ്ഥലം മാറിപ്പോകുന്നവെന്ന വ്യാജേന സാധനങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടും തട്ടിപ്പുകൾ നടക്കുന്നുണ്ട്. പകുതിവിലയിൽ പഴയ സാധനങ്ങൾ ഓഫർ ചെയ്ത് അഡ്വാൻസായി പണം വാങ്ങി തട്ടിപ്പുകാർ മുങ്ങുകയും ചെയ്യും. യാതൊരു കാരണവശാലും ഒ.എൽ.എക്സ്. പോലുളള ഓൺലൈൻ വ്യാപാര സൈറ്റുകളിൽ സാധനം വാങ്ങാൻ മുൻകൂർ പണം നൽകരുതെന്നും പോലീസ് അറിയിച്ചു.

Content Highlights:kerala police cyber cell recovered money from online fraud