തിരൂർ: സംസ്ഥാനത്തെ ആദ്യത്തെ വനിത എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ സർവീസിലെ സുവർണദിനമായിരുന്നു ബുധനാഴ്ച. ഇൻസ്പെക്ടറായി ചുമതലയേറ്റ് നാളധികമാകുംമുമ്പേ പത്തര ലിറ്റർ മദ്യവുമായി യുവാവിനെ പിടികൂടി.

എക്സൈസ് ഇൻസ്പെക്ടർ പദവിയിലെ കന്നിവേട്ടയായിരുന്നു ഇത്. ഒ. സജിതയും പാർട്ടിയും തിരൂർ ബി.പി. അങ്ങാടി, തെക്കുമുറി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് തിരൂർ - ബോയ്സ് ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വെച്ച് പത്തര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവിനെ പിടിച്ചത്.

തിരൂർ ബി.പി. അങ്ങാടി തെക്കെ പീടിയേക്കൽ വീട്ടിൽ അൻവർ (39) ആണ് പിടിയിലായത്. ഇയാളെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. അന്വേഷണസംഘത്തിൽ പ്രിവന്റീവ് ഓഫീസർ ടി. ദിനേശൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി. മനോജൻ, കെ. മുഹമ്മദ് അലി, പി. ധനേഷ് ഡ്രൈവർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

Content Highlights:kerala first woman excise inspector caught a youth with illegal liquor