കൊല്ലം: ഓയൂർ കുരിശുമൂട്-പറണ്ടോട്ട് റോഡിൽനിന്ന് ഏതാനം വാര നടന്നാൽ ചരുവിളവീട്ടിൽ ഗീതാലാലിന്റെയും മകൻ ചന്തുലാലിന്റെയും വീട്ടിലെത്തും. വീടിനു ചുറ്റും കമ്പിവേലി. തകരഷീറ്റുകൊണ്ടു മറച്ച പരിസരം. മുന്നിലെ ചെറിയ ഇരുമ്പുഗേറ്റ് ചങ്ങലകൊണ്ട് പൂട്ടിയിരിക്കുന്നു. എല്ലാം പുറത്തുള്ളവരെ അകറ്റിനിർത്താനുള്ള മുൻകരുതലുകൾ. വീട് പുതുക്കിപ്പണിയാൻ പൊളിച്ചിട്ടിരിക്കുകയാണ്.

വീട്ടുകാർ താമസിക്കുന്നത് തകര ഷീറ്റു കൊണ്ടുണ്ടാക്കിയ താത്‌കാലിക ഷെഡ്ഡിൽ. വീടിന്റെ കവാടത്തോടു ചേർന്ന് അടച്ചിട്ടിരിക്കുന്ന പൂജാമുറി. ഇവിടെയാണ് 27-കാരിയായ തുഷാരയെ ദുർമന്ത്രവാദത്തെത്തുടർന്ന് പട്ടിണിക്കിട്ട് കൊന്നത്.

ഭർത്താവ് ചന്തുലാലും ഭർതൃമാതാവ് ഗീതാലാലും ക്രൂരമായി മർദിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു തുഷാരയുടെ മരണം. തുഷാര കഴിഞ്ഞ 21-നാണ് മരിച്ചത്. മൃതദേഹത്തിന് വെറും 20 കിലോ മാത്രമായിരുന്നു തൂക്കം. വെറും അസ്ഥിപഞ്ജരം. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. ഭക്ഷണം കിട്ടാതെയും ന്യൂമോണിയ ബാധിച്ചുമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുമുണ്ടായിരുന്നു.

പോലീസ് കേസെടുത്തത് സ്ത്രീധനത്തിന്റെപേരിൽ കൊലപ്പെടുത്തിയെന്നാണ്. തുഷാര ദുർമന്ത്രവാദത്തിനിരയായത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. ദിനരാജ് പറഞ്ഞു. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുഷാരയുടെ മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. നാല്, ഒന്നര വയസ്സുള്ള കുട്ടികളെയാണ് ഏറ്റെടുത്തത്.

സ്ത്രീധനത്തിന്റെപേരിലും കൊടിയ പീഡനം

സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടു ലക്ഷം രൂപ നൽകാത്തതിന്റെ പേരിലും തുഷാരയെ ഭർത്താവും അമ്മയും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന് ഐശ്വര്യമുണ്ടാവാൻ തടസ്സം തുഷാര ജീവിച്ചിരിക്കുന്നതാണെന്ന വിശ്വാസമാണ് ഇഞ്ചിഞ്ചായി കൊല്ലാൻ കാരണമായതെന്ന് അയൽവാസികൾ പറയുന്നു. ‘നീ ജീവിച്ചിരിക്കുമ്പോൾ ഈ കുടുംബത്തിന് ഒരു ഗുണവും പിടിക്കത്തില്ലടീ’ എന്നുപറഞ്ഞ് ഭർത്താവും അമ്മയും മർദിക്കാറുണ്ടെന്ന് തുഷാര പറഞ്ഞതായി അടുത്ത ബന്ധു പ്രഭലത വെളിപ്പെടുത്തി.

ദുരൂഹതകൾ നിറഞ്ഞ വീട്

ഗീതാലാലിനെ മാത്രമല്ല, ഒരുപാട് ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്ന ഈ വീടിനെയും നാട്ടുകാരും പരിസരവാസികളും ഭയന്നിരുന്നു. ആഡംബര വാഹനങ്ങളിൽ അപരിചിതരായ ആളുകൾ പതിവായി എത്തിയിരുന്നു. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളിൽ കണ്ടിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാൻ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏൽപ്പിച്ചാൽ മതിയെന്നായിരുന്നു നാട്ടുകാർക്കിടയിലെ സംസാരം.

Content Highlights: Kerala dowry killing, Thushara, Murder, Kollam