ഹരിപ്പാട്: കോവിഡ് നിയന്ത്രണങ്ങൾ തങ്ങൾക്കു ബാധകമല്ല എന്ന മനോഭാവത്തോടെ ക്രിക്കറ്റുകളി പതിവാക്കിയ ചെറുപ്പക്കാരെ പോലീസ് പിടികൂടി. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കേണ്ടതാണെങ്കിലും അതുചെയ്യാതെ പോലീസ് അവർക്കു നൽകിയത് നാട്ടുകാരെ ബോധവത്‌കരിക്കാനുള്ള ചുമതല.

മുഖാവരണം ധരിക്കേണ്ട വിധം, സാമൂഹികാകലത്തിന്റെ പ്രാധാന്യം തുടങ്ങി കോവിഡ് നിയന്ത്രണത്തിനുള്ള വഴികൾ അവർ നാട്ടുകാർക്ക് പറഞ്ഞുകൊടുത്തു. തൃക്കുന്നപ്പുഴ പോലീസാണ് ഈ ശിക്ഷ നടപ്പാക്കിയത്. ലോക്ഡൗണിനു മുൻപ് കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴാണ് കാർത്തികപ്പള്ളി പുളിക്കീഴിൽ ഏതാനും ചെറുപ്പക്കാർ ക്രിക്കറ്റുകളി പതിവാക്കിയത്. നാട്ടുകാരുടെ ഉപദേശമൊന്നും ഇവരെ പിന്തിരിപ്പിച്ചില്ല. ഒടുവിൽ നാട്ടുകാർ പോലീസിന്റെ സഹായംതേടി. തൃക്കുന്നപ്പുഴ പോലീസെത്തിയപ്പോഴേക്കും കളിക്കാർ ബാറ്റും ബോളും വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെട്ടു.

പിന്നീട്, പോലീസ് ഉദ്യോഗസ്ഥർ ബൈക്കിൽ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കിട്ടിയില്ല. മഫ്തിയിൽ രംഗത്തിറങ്ങിയ പോലീസ് ഏഴുപേരെ പിടികൂടി. അടുത്തദിവസം രാവിലെ തൃക്കുന്നപ്പുഴ സ്റ്റേഷനിലെത്താൻ നിർദേശംനൽകി. സ്റ്റേഷനിലെത്തിയ ചെറുപ്പക്കാർക്ക് കോവിഡ് ബോധവത്‌കരണത്തിനുള്ള ചുമതല നൽകുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. വാഹനങ്ങളിൽ വന്നവരെയെല്ലാം ഇവർ കൈകാണിച്ചു നിർത്തി. മുഖാവരണം ധരിക്കാത്തവരെ പോലീസിനു കാട്ടിക്കൊടുത്തു. മുഖാവരണം താടിയിൽ തൂക്കിവന്നവരെ ശരിക്കു ധരിക്കേണ്ടതെങ്ങനെയെന്നു കാട്ടിക്കൊടുത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാമെന്ന ഉറപ്പിൽ ഉച്ചയോടെ ഏഴുപേരെയും വിട്ടയച്ചു.