തൃശൂര്‍: കേരളത്തെ നടുക്കിയ എ.ടി.എം കവര്‍ച്ചയില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു. മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടെന്ന സൂചനയില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ, ചാലക്കുടിയില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച വാഹനത്തിലും സമീപത്തും രക്തക്കറ കണ്ടെത്തി. 

ശനിയാഴ്ച രാവിലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പ്രതികള്‍ തമ്മില്‍ സംഘട്ടനം നടന്നിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. വാഹനത്തില്‍നിന്ന് മണംപിടിച്ച പോലീസ് നായ സമീപത്തെ സ്‌കൂളിന്റെ മതില്‍ വരെ ഓടിയതും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതികള്‍ വാഹനം ഉപേക്ഷിച്ചശേഷം മതില്‍ചാടി കടന്ന് രക്ഷപ്പെട്ടതാകുമെന്നാണ് പോലീസ് കരുതുന്നത്. 

ഉത്തരേന്ത്യന്‍, തമിഴ്‌നാട് ബന്ധമുള്ള പ്രൊഫഷണല്‍ സംഘമാകും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കുന്നു. ആദ്യം മോഷണശ്രമം നടന്ന കോട്ടയം വെമ്പള്ളി മുതല്‍ ചാലക്കുടി വരെയുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. 

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ എ.ടി.എം കവര്‍ച്ച നടന്നത്. കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍നിന്ന് 10.6 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ഇതിനുപുറമേ കോട്ടയം വെമ്പള്ളി, കളമശേരി എച്ച്.എം.ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ കവര്‍ച്ചാശ്രമവും നടന്നു.