കലഞ്ഞൂർ(പത്തനംതിട്ട): എൻട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്ന വിദ്യാർഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തു. പരീക്ഷയിൽ തോൽക്കുമെന്ന ഭയംകാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന മരണക്കുറിപ്പും കണ്ടെത്തി. കൂടൽ കൈലാസം വീട്ടിൽ വിമുക്തഭടൻ മധുവിന്റെ മകൾ അമൃതയാണ് (19) വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കാണപ്പെട്ടത്.

ചൊവ്വാഴ്ച രാത്രിയിൽ ആഹാരം കഴിച്ചശേഷം ഉറങ്ങുന്നതിനായി രണ്ടാം നിലയിലുള്ള മുറിയിലേക്ക് പോയ അമൃതയെ രാവിലെ കത്തിക്കരിഞ്ഞനിലയിലാണ് വീട്ടുകാർ കണ്ടത്. പഠിക്കുന്ന മേശയിൽ ആത്മഹത്യക്കുറിപ്പും അമൃത എഴുതിവെച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രണ്ടാം നിലയിലുള്ള കിടപ്പുമുറി അടച്ചിട്ട നിലയിലായതിനാൽ ശബ്ദമൊന്നും പുറത്ത് കേട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം പ്ലസ്ടു കഴിഞ്ഞ് സ്വകാര്യ കോച്ചിങ് സെന്ററിൽ എൻട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്നു അമൃത. പഠനത്തിൽ മിടുക്കിയായിരുന്നു. എൻട്രൻസ് പരീക്ഷയിൽ തോൽക്കുമെന്ന പേടിയിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് എഴുതിവെച്ചത്.

പഠിക്കുന്ന ബുക്കുകളിലൊക്കെ കുത്തിവരച്ചിട്ട നിലയിലുമായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ കുറ്റാന്വേഷകസംഘവും സ്ഥലത്ത് പരിശോധന നടത്തി. അമ്മ: സരിത, സഹോദരി: പാർവതി.

കുട്ടികളുടെ ഇഷ്ടങ്ങൾ അറിയുക

കുട്ടികളുടെ ഇഷ്ടങ്ങൾകൂടി അറിഞ്ഞ് അവരെ മനുഷ്യരായി ജീവിക്കാനനുവദിച്ചാൽ സമൂഹത്തിൽ ആത്മഹത്യ കുറയും. കുട്ടികളുടെ ആത്മഹത്യ പെരുകുന്നതിന് കാരണം, അവരുടെ ഇഷ്ടങ്ങളെക്കാൾ കൂടുതൽ മറ്റ് ഇഷ്ടങ്ങൾ അടിച്ചേല്പിക്കുന്നതാണ്. രക്ഷാകർത്താക്കളുമായി ബന്ധപ്പെട്ടുതന്നെ കുട്ടികൾ വളർന്നും പഠിച്ചും പോകണം. കുട്ടികളുടെ മാനസികമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മിക്ക മാതാപിതാക്കൾക്കും ഒരലസതയാണ്. അവർക്ക് വേണ്ടത് അവരുടെ സമൂഹത്തിന്റെ സ്ഥാനത്തിനുവേണ്ടി കുട്ടികളെ വിനിയോഗിക്കുകയാണ്. കുട്ടികൾ അവരുടെ ഇഷ്ടങ്ങളിലേക്കും ഒന്ന് പോകട്ടെ. ഒന്ന് തോൽക്കാനും അവർക്ക് ഒരവസരം കൊടുക്കൂ. അടുത്തസമയത്ത് കുട്ടികളുടെ ആത്മഹത്യ പെരുകുന്നതിന് കാരണം മാനസികസമ്മർദങ്ങളാണ്.

കലാമോഹൻ

(കൗൺസലിങ് സൈക്കോളജിസ്റ്റ്, മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം)

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:keam entrance exam fear girl commits suicide in pathanamthitta