കായംകുളം: കാറിൽ യാത്രചെയ്തവരെ തടഞ്ഞുനിർത്തി ആക്രമിച്ച് പണംതട്ടിയ കേസിൽ മൂന്നുപേരെക്കൂടി അറസ്റ്റുചെയ്തു. തട്ടിയെടുത്ത പണം പത്തിയൂരിൽ പാടത്ത് കുഴിച്ചിട്ടിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം പിടികൂടിയ ഒന്നാംപ്രതി പത്തിയൂർ കിഴക്ക് കൃഷ്ണഭവനത്തിൽ അഖിൽ കൃഷ്ണ (26), എരുവ മാവിലേത്ത് ശ്രീരംഗം അശ്വിൻ (26), എരുവ ചെറുകാവിൽ തറയിൽ ശ്യാം (30) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കേസിൽ മൂന്നാംപ്രതി ചിറക്കടവം വിനോദ് ഭവനിൽ മിഥുനെ നേരത്തെ പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ട നാലുപേർകൂടി പിടിയിലാകാനുണ്ട്.

സി.പി.എം. കൊറ്റുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി കിഴക്കയത്ത് ഷാജഹാൻ, ബന്ധു പൊന്നാറവീട്ടിൽ മുഹമ്മദ് റാഫി, മൈമൂനത്ത് എന്നിവരുടെ നേരെയാണ് ആക്രമണമുണ്ടായത്. ഇവർ കാറിൽയാത്രചെയ്യുന്നതിനിടെ തടഞ്ഞുനിർത്തി ആക്രമിച്ച് 9.85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിടിയിലായവരെ ചോദ്യംചെയ്തതിൽനിന്ന് തട്ടിയെടുത്ത പണത്തിൽ എട്ടുലക്ഷം രൂപ ഇവർ പത്തിയൂർ പുഞ്ചയിൽ കുഴിച്ചിട്ടെന്ന് മനസ്സിലായി. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പണം കണ്ടെടുത്തു.

ബാക്കിയുള്ള 1,85,000 രൂപ പോലീസ് തിരയുന്ന മറ്റൊരുപ്രതി റിജൂസിന്റെ കൈവശമുണ്ട്. മറ്റ് പ്രതികൾക്കായ് പോലീസ് അന്വേഷണം ഊർജിതമാക്കി.

മുഹമ്മദ് റാഫിയുടെ ബന്ധുവായ അഹമ്മദ്ഖാൻ എരുവ സ്വദേശികളായ നാലുപേരെ ഗൾഫിൽ കൊണ്ടുപോയിരുന്നു. ബിസിനസ് പങ്കാളികളായ ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ലോക്ഡൗൺ സമയത്ത് ഇവർ നാട്ടിലെത്തിയിരുന്നു.

നാട്ടിലെത്തിയിട്ടും അഹമ്മദ്ഖാന് ബിസിനസിന്റെ ലാഭവിഹിതം കിട്ടുന്നുണ്ടെന്ന് പ്രതികൾക്ക് മനസ്സിലായി. എന്നാൽ, അഹമദ്ഖാൻ ലാഭവിഹിതത്തിൽ ഒരു പണവും പ്രതികൾക്ക് നൽകിയിരുന്നില്ല.

അഹമദ്ഖാൻ വീടിന് സമീപത്തെ വസ്തുമേടിക്കാൻ പണവുമായി എത്തുന്നതറിഞ്ഞാണ് ആക്രമണം നടത്തിയവർ ഇവരെ പിന്തുടർന്നത്. എന്നാൽ, വാഹനത്തിൽ അഹമദ്ഖാൻ ഇല്ലായിരുന്നു. വാഹനം തടഞ്ഞുനിർത്തുകയും തുടർന്ന് വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടെ കാറിൽ യാത്രചെയ്തവരെ ആക്രമിച്ച് ഇവർ പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശി യാസറാണ് ഇവർക്ക് പണംനൽകിയത്.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിൽ നാലുപേർ അഹമദ്ഖാന്റെ ഗൾഫിലെ ബിസിനസ് പങ്കാളികളും മറ്റ് നാലുപേർ ഇവരുടെ സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.