ആലപ്പുഴ: കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് വെളിപ്പെടുത്തല്‍. പരിക്കേറ്റ് ചികിത്സയിലുള്ള കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ തന്നെയാണ് സംഭവം രാഷ്ട്രീയമല്ലെന്ന് വെളിപ്പെടുത്തിയത്. കുടുംബവഴക്കിലാണ് സോമന് പരിക്കേറ്റതെന്നും ഇത് രാഷ്ട്രീയപ്രശ്‌നമല്ലെന്നും രാജി വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നു. 

വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് സോമന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. 

വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. ഇത് അടിപിടിയില്‍ കലാശിച്ചു. ഇതിനിടെ തന്നെ മര്‍ദിച്ചശേഷം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമന് പരിക്കേറ്റെന്നാണ് ഭാര്യ രാജിയുടെ വെളിപ്പെടുത്തല്‍. സിപിഎം പ്രാദേശിക നേതാക്കളാണ് ഇവരുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.  

Content Highlights: kayamkulam congress booth agent's wife says her husband injured during clash in home