കൊട്ടിയം: സ്‌കൂള്‍ അധ്യാപികയെ റെയില്‍പ്പാതയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് കൂട്ടിക്കട താഴത്തുചേരി തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപാ(22)ണ് അറസ്റ്റിലായത്. കൊട്ടിയം പുല്ലാങ്കുഴി ആമ്പാടിയില്‍ കാവ്യ ലാലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

മുന്‍കൂര്‍ജാമ്യംതേടി കൊല്ലം സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നിലനില്‍ക്കെയാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

Read more: തീവണ്ടിപ്പാളത്തില്‍ പൊലിഞ്ഞത് കാവ്യയുടെ ജീവന്‍; മരണകാരണം തേടി അമ്മ 

കൊട്ടിയം തഴുത്തലയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന കാവ്യ ലാലിനെ ഓഗസ്റ്റ് 24-ന് പൊഴിക്കര മാമൂട്ടില്‍പാലത്തിനു സമീപം റെയില്‍പ്പാതയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്‌കൂള്‍തലംമുതല്‍ ഉണ്ടായിരുന്ന പ്രണയത്തിനൊടുവില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം കൈയൊഴിഞ്ഞെന്നാണ് ആക്ഷേപം. ആദ്യം പ്രേരണക്കുറ്റത്തിന് കേസെടുത്ത പോലീസ് പിന്നീട് ബലാത്സംഗത്തിനുംകൂടി കേസ് രജിസ്റ്റര്‍ ചെയ്തു.

പരവൂര്‍ സി.ഐ. ഷെരീഫ് അന്വേഷണം ഏറ്റെടുത്തതോടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. ഒളിവില്‍പ്പോയ അബിന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയെങ്കിലും തെളിവുകളുടെ പിന്‍ബലത്തില്‍ പോലീസ് എതിര്‍ത്തു.

കേസില്‍ പ്രതിയായെങ്കിലും ഇയാളുടെ അമ്മയ്ക്ക് കുറ്റകൃത്യത്തില്‍ നേരിട്ടു ബന്ധമില്ലാത്തതിനാല്‍ കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനുമുന്‍പില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും അബിന്‍ ഒളിവില്‍പ്പോയി, മുംബൈ പനവേലിലെ ബാറില്‍ ജോലി ചെയ്യുകയായിരുന്നു.

ജൂനിയര്‍ എസ്.ഐ. ഷാജന്‍, സി.പി.ഒ.മാരായ ജെയ്ന്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ മുംബൈയിലെത്തി അന്വേഷണം നടത്തവെ അബിന്‍ നാട്ടിലേക്ക് കടന്നു. ട്രെയിനില്‍ മംഗലാപുരത്തെത്തിയ ഇയാള്‍ ബസില്‍ എറണാകുളത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.

പരവൂരില്‍ എത്തിച്ചശേഷം അബിന്റെ കൂട്ടിക്കടയിലെ വീട്ടിലും കാവ്യ ലാലിന്റെ ബന്ധു സുനിതയുടെ അയത്തില്‍ പവര്‍ ഹൗസ് ജങ്ഷനിലെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പരവൂര്‍ കോടതിയിയില്‍ ഹാജരാക്കി.

kavya
കാവ്യ ലാല്‍

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് സി.ഐ. പറഞ്ഞു. ഒളിവുജീവിതത്തിനിടെ പോലീസ് പിന്‍തുടരാതിരിക്കാന്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.

പബ്‌ളിക് ബൂത്തുകളില്‍നിന്ന് എറണാകുളത്തെ സുഹൃത്തിനെയാണ് ബന്ധപ്പെട്ടിരുന്നത്. അയാള്‍ കൊല്ലത്തുള്ള അബിന്റെ സുഹൃത്തിന് വിവരങ്ങള്‍ കൈമാറും. അബിന്റെ ബന്ധുക്കള്‍ ഈ വീട്ടിലെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.

സിറ്റി പോലീസ് കമ്മിഷണര്‍ അജിതാബീഗത്തിന്റെ മേല്‍നോട്ടത്തില്‍ ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്, സി.ഐ. ഷെരീഫ്, പരവൂര്‍, പാരിപ്പള്ളി എസ്.ഐ.മാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.