കാട്ടൂർ: കാക്കാത്തുരുത്തിയിൽ മദ്യപിക്കുന്നതിനിടയിൽ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ പ്രതികളായ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. കാക്കത്തുരുത്തി കൈമാപറമ്പിൽ വീട്ടിൽ കുട്ടമണി എന്ന ജിജീഷ് (42), കാട്ടൂർ കണ്ണമ്പുള്ളി സജീവൻ (40), പുല്ലൂർ കുഴിക്കണ്ടത്തിൽ ഷെരീഫ് (38), എടതിരിഞ്ഞി കൂതോട്ട് ബിജു(34), ജവഹർ കോളനിയിൽ പയ്യപ്പിള്ളി ചാക്കപ്പൻ എന്ന സലീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. താണിശ്ശേരി സ്വദേശി കൂത്തുപാലയ്ക്കൽ ശരത്താണ് (39) കുത്തേറ്റുമരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറോടെ ഒന്നാം പ്രതി ജിജീഷിന്റെ കാക്കത്തുരുത്തിയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. 24 മണിക്കൂറിനുള്ളിൽ തന്നെ അഞ്ച് പ്രതികളെയും അന്വേഷണസംഘം പിടികൂടി.

റൂറൽ എസ്.പി.ജി. പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷ്, കാട്ടൂർ ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, കാട്ടൂർ എസ്.ഐ. ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് അറസ്റ്റുചെയ്തത്.

കൊലപാതകത്തിന് കാരണം സാമ്പത്തിക തർക്കം

ഒട്ടേറെ കേസുകളിലെ പ്രതിയായ ഓലപ്പീപ്പി സജീവനും കൊല്ലപ്പെട്ട ശരത്തും തമ്മിൽ വസ്തു ഇടപാടിനെ തുടർന്ന് സാമ്പത്തിക തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ശരത്തിന്റെ വീടും സ്ഥലവും സജീവൻ കുറച്ചുനാൾ മുൻപ് വാങ്ങിയിരുന്നു. ഇതിൽ ചെറിയൊരു തുക മാത്രമാണ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം പണം വേണമെന്ന് ശരത്ത് സജീവനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പണം തരാമെന്നുപറഞ്ഞ് ജിജീഷിന്റെ വീട്ടിലേക്ക് ശരത്തിനെ വിളിച്ചുവരുത്തി. ഈ സമയം അവിടെ സജീവനും മറ്റു പ്രതികളും ഉണ്ടായിരുന്നു.

ശരത്ത് എത്തിയതോടെ സംസാരത്തിനിടെ തർക്കമുണ്ടായി. ജിജീഷ് കത്തിയെടുത്ത് ശരത്തിനെ കുത്തുകയായിരുന്നു. വയറിൽ കുത്തേറ്റ ശരത്തിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുംമുമ്പ് മരിച്ചു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

സജീവൻ കൊലപാതകശ്രമം അടക്കം 25-ഓളം കേസുകളിൽ പ്രതിയാണ്. രണ്ടുതവണ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുണ്ട്. ഇയാൾക്കെതിരേ ഐ.ടി.പി. കേസുമുണ്ട്.