കട്ടപ്പന: കൊച്ചുതോവാളയില്‍ വീട്ടമ്മ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഏപ്രില്‍ എട്ടിനാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ(60)യെ പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭര്‍ത്താവ് ജോര്‍ജ് മുകളിലെ നിലയില്‍നിന്ന് താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മ ചലനമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്. മുഖത്ത് ചോരപ്പാടുകളും കണ്ടിരുന്നു.

ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാല് പവനോളം സ്വര്‍ണവും നഷ്ടമായിരുന്നു. ചിന്നമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്്. സംഭവം നടക്കുമ്പോള്‍ ചിന്നമ്മയും ജോര്‍ജും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് ജോര്‍ജിനെ കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനായില്ല.

വീടിനുള്ളില്‍ നടന്ന ഫോറന്‍സിക് പരിശോധനയിലും സംശയകരമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട് പോലീസ് 40-ഓളം പേരെ ചോദ്യംചെയ്യുകയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട ഫയല്‍ കട്ടപ്പന ഡിവൈ.എസ്.പി. ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് സി.ഐ. ടി.എ.യൂനുസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.