കട്ടപ്പന: കൊച്ചുതോവാള കൊച്ചുപുരക്കൽ ചിന്നമ്മ (63)കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കെ.പി. ജോർജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി നൽകി. കട്ടപ്പന ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൃശ്ശൂർ റീജണൽ ഫൊറൻസിക് സയൻസ് ലാബിൽ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയത്.

ഏപ്രിൽ എട്ടിനാണ് ചിന്നമ്മ കൊല്ലപ്പെട്ടത്. പുലർച്ചെ നാലുമണിയോടെ വീടിന്റെ ഒന്നാമത്തെ നിലയിലെ കിടപ്പുമുറിയിൽ കട്ടിലിൽനിന്നുവീണനിലയിൽ ജോർജ് ആണ് ചിന്നമ്മയെ കണ്ടത്.

രണ്ടാമത്തെ നിലയിലെ മുറിയിലാണ് ജോർജ് കിടന്നിരുന്നത്. വായിൽ തുണി തിരുകി കമഴ്ന്നു കിടക്കുന്നനിലയിലാണ് ചിന്നമ്മയെ കണ്ടതെന്നും, ശരീരത്തിൽ ഉണ്ടായിരുന്ന നാല് പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടന്നും ജോർജ് പോലീസിനു മൊഴി നൽകിയിരുന്നു.

ചിന്നമ്മയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപവത്‌കരിച്ച് അന്വേഷണം ഊർജിതമാക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ജോർജിനെയും സമീപവാസികളായ നിരവധി ആളുകളെയും പോലീസ് ചോദ്യംചെയ്തെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടർന്നാണ് നുണപരിശോധനയ്ക്ക് അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്.