തലശ്ശേരി: കതിരൂരിലെ മലാലില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സി.പി.എം. പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവത്തില്‍ നാലുപേരെക്കൂടി പോലീസ് പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചതിനും വെടിമരുന്ന് അശ്രദ്ധമായി കൈകാര്യംചെയ്തതിനും യഥാസമയം പോലീസിനെ വിവരമറിയിക്കാതിരുന്നതിനുമാണ് കേസ്. ഒളിവിലായ പ്രതികളെ തിരഞ്ഞുവരികയാണെന്ന് കേസന്വേഷിക്കുന്ന കതിരൂര്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.സിജു പറഞ്ഞു.

വൈകുന്നേരം ആറോടെയാണ് സ്‌ഫോടനം. രാത്രി 9.30-ഓടെ വിവരം കിട്ടി പോലീസെത്തുമ്പോഴേക്ക് സ്ഥലം മഞ്ഞളും വെള്ളവും ചേര്‍ത്ത് കഴുകി വൃത്തിയാക്കിയിരുന്നു. സ്‌ഫോടനസ്ഥലം വീടിന് മേല്‍ഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനും ശ്രമം നടന്നു. വിശദപരിശോധനയില്‍ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാത്രി കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് പിറ്റേന്ന് ഫൊറന്‍സിക് വിദഗ്ധരെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ വിരലിന്റെ ഭാഗങ്ങളും മറ്റും കണ്ടെത്തി.

നാടന്‍ബോംബായിരുന്നെങ്കിലും ഉഗ്രശേഷിയുള്ളതായിരുന്നുവെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. നാടന്‍ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ചണനൂലുകളും മറ്റും സ്ഥലത്ത് കണ്ടെത്തിയിരുന്നു. കൂറ്റേരിച്ചാല്‍ പറമ്പത്ത് ഹൗസിങ് കോളനിയിലെ ബിനുവിന്റെ വീട്ടുമുറ്റത്തുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നിജേഷിന്റെ കൈപ്പത്തികള്‍ അറ്റിരുന്നു. ഇദ്ദേഹം മംഗളൂരുവിലെ ഫാ. മുള്ളേഴ്‌സ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

സുഹൃത്ത് ബിനുവിന്റെ വീട്ടുമുറ്റത്തെ സിമന്റ് ടാങ്കിലേക്ക് കൈതാഴ്ത്തി ബോംബ് നിര്‍മിക്കുമ്പോഴാണ് പൊട്ടിയതെന്നാണ് സൂചന. അറസ്റ്റിലായ ബിനുവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്‌ഫോടനമുണ്ടായ സ്ഥലത്തും മലാലിലും ചൊക്ലിയിലും തൃക്കണ്ണാപുരത്തും ബോംബ് സ്‌ക്വാഡ് വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധന വരുംദിവസങ്ങളില്‍ ശക്തമാക്കുമെന്ന് അസി. കമ്മിഷണര്‍ വി.സുരേഷ് പറഞ്ഞു.