മുഹമ്മ(ആലപ്പുഴ): പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ജമ്മു കശ്മീര്‍ സ്വദേശിയെ മുഹമ്മയില്‍നിന്ന് അറസ്റ്റുചെയ്തു. കശ്മീരുകാരനായ ജാഫറി(ഷാ-24)നെയാണ് അറസ്റ്റുചെയ്തത്. മുഹമ്മയിലെ ഒരു റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. 

ഇന്ത്യന്‍ ശിക്ഷാനിയമം 156-ാം (രാജ്യത്തിനെതിരേയുള്ള പ്രചാരണം) വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. 2019-ല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടതുമായി ബന്ധപ്പെട്ടാണ് നടപടി. ഇപ്പോഴിവ നീക്കംചെയ്തിട്ടുണ്ട്. സൈബര്‍സെല്ലിന്റെയും മറ്റും സഹായത്തോടെ ഇവ വീണ്ടെടുക്കണം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വാട്‌സാപ്പില്‍ ലഭിച്ച ഒരു സന്ദേശം ഫെയ്‌സ്ബുക്കില്‍ ഇട്ടുവെന്നാണ് ഇയാള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

Content Highlights:  kashmir native arrested in alappuzha