വിദ്യാനഗര്‍(കാസര്‍കോട്): കാര്‍ തടഞ്ഞ് വിലകൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പോലീസ് പിടികൂടിയ യുവാവ് സ്റ്റേഷനില്‍ പരാക്രമം കാട്ടി. ഉളിയത്തടുക്ക ബ്ലൂ മൂണ്‍ അപ്പാര്‍ട്ട്മെന്റിലെ അമാന്‍ (23) ആണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയത്. ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണിത്.

ചൊവ്വാഴ്ച വൈകീട്ടാണ് അമാനെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചതിനുശേഷം അമാന്‍ പോലീസുകാര്‍ക്ക് നേരെ തെറിയഭിഷേകം നടത്തിക്കൊണ്ടിരുന്നു. അമാനെ ശാന്തനാക്കാനായി അയാളുടെ പിതാവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുടിക്കാന്‍ വെള്ളം നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് നെറ്റിയില്‍ ഇടിച്ച് സ്വയം മുറിവേല്‍പ്പിച്ചു.

ഉളിയത്തടുക്കയില്‍ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് കാര്‍ തടഞ്ഞ് അമാന്റെ നേതൃത്വത്തിലുള്ള സംഘം വിലകൂടിയ ഐഫോണ്‍ കവര്‍ന്നത്. കുമ്പളയിലെ അബ്ദുള്‍ സലീം (42) ആണ് കര്‍ച്ചയ്ക്കിരയായത്. മൂന്ന് ബൈക്കുകളിലായി എത്തിയവരാണ് കാര്‍ തടഞ്ഞ് ഭീഷണി മുഴക്കി മൊബൈല്‍ തട്ടിപ്പറിച്ചത്. പോലീസ് വാഹനം കണ്ട് കവര്‍ച്ചക്കാര്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടിരുന്നു. എസ്.ഐ. പുരുഷോത്തമാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജന്‍, രന്‍ജീഷ്, അജേഷ്, ജയേഷ്, നിധിന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. അമാനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.