കാസര്‍കോട്: സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി കാറിലുണ്ടായിരുന്ന 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വയനാട് പനമരം നടവയല്‍ കായക്കുന്ന് കിഴക്കേ തുമ്പത്തു ഹൗസില്‍ അഖില്‍ ടോമി (24), പുല്‍പ്പള്ളി പെരിക്കല്ലൂര്‍ പുത്തന്‍പുരക്കല്‍ ഹൗസില്‍ അനു ഷാജു (28), തൃശ്ശൂര്‍ എളംതുരുത്തി ചിറ്റിലപ്പള്ളി ഹൗസില്‍ ബിനോയ് സി. ബേബി (25) എന്നിവരെയാണ് കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍, വയനാട് സ്വദേശികളായ ആറുപേര്‍ കൂടി കേസില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തൃശ്ശൂരില്‍നിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. തൃശ്ശൂരില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രതികളെ കാസര്‍കോട്ടുനിന്നെത്തിയ പോലീസ് സംഘം വളഞ്ഞുപിടിക്കുകയായിരുന്നു. അറസ്റ്റിലായ അനു ഷാജുവിന് തട്ടിക്കൊണ്ടുപോകലില്‍ നേരിട്ട് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചുനല്‍കിയതിനാണ് അനുവിനെ അറസ്റ്റ് ചെയ്തത്.

പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ അന്വേഷണത്തിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 22-ന് ഉച്ചയ്ക്ക് 12-നാണ് മൊഗ്രാല്‍പുത്തൂര്‍ ദേശീയ പാതയില്‍വെച്ച് സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറായ രാഹുല്‍ മഹാജേവ് ജാവിര്‍ ആക്രമിക്കപ്പെട്ടത്.

പോലീസ് പരതിയത് 500 സി.സി.ടി.വി. ക്യാമറകള്‍

കാസര്‍കോട്: സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ ആക്രമിച്ച് കാറിലുണ്ടായ 65 ലക്ഷം രൂപ തട്ടിയത് സെപ്റ്റംബര്‍ 22-ന് ബുധനാഴ്ച. സംഭവം നടന്ന് മൂന്നാഴ്ച സി.സി.ടി.വി. ക്യാമറകള്‍ക്ക് പിന്നാലെ സഞ്ചരിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. ബുധനാഴ്ച പിടിയിലായ രണ്ടുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഒരാള്‍ ഇവര്‍ക്ക് വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മിച്ച് നല്‍കിയതാണ്. കേസില്‍ ഒന്‍പത് പ്രതികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു.

പട്ടാപ്പകല്‍ 12 മണിക്ക് ദേശീയപാതയില്‍ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജില്ലയ്ക്ക് പുറത്തുള്ളവരുടെ പങ്കാണ് പോലീസ് സംശയിച്ചത്. പ്രതികളെത്തിയ കാര്‍ സഞ്ചരിച്ച വഴികളിലൂടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ തേടി പോലീസും സഞ്ചരിച്ചു. 500-ഓളം സി.സി.ടി.വി. ക്യാമറകളാണ് ഇങ്ങനെ പോലീസ് പരിശോധിച്ചത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് സംഘം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് എത്തിയിരുന്നു.

സി.സി.ടി.വി. അന്വേഷണത്തില്‍ സംഘം ഉപയോഗിച്ച നമ്പര്‍പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കവര്‍ച്ചസമയത്ത് ഉപയോഗിച്ചത് മാറ്റി മറ്റൊരു വ്യാജ നമ്പര്‍പ്ലേറ്റ് സംഘം രക്ഷപ്പെടുന്നതിനിടെ ഉപയോഗിച്ചു. ഈ വ്യാജ നമ്പര്‍പ്ലേറ്റുകള്‍ പഴയ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നെടുത്ത് നിര്‍മിച്ച് നല്‍കിയത് ബുധനാഴ്ച അറസ്റ്റിലായ അനു ഷാജുവാണ്.

പണം കവര്‍ന്നത് ക്വട്ടേഷന്‍ വ്യവസ്ഥയില്‍

അറസ്റ്റിലായവര്‍ ക്വട്ടേഷനെടുത്തവരാണെന്നാണ് സൂചന. മലബാറില്‍തന്നെയുള്ള മറ്റൊരു സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിനുള്ള വിവരം. കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടിച്ചത്.

കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍, ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളിലെ എസ്.ഐ.മാരായ സി.കെ. ബാലകൃഷ്ണന്‍, കെ. നാരായണന്‍ നായര്‍, എ.എസ്.ഐ.മാരായ കെ. അബൂബക്കര്‍, ലക്ഷ്മി നാരായണന്‍, കാസര്‍കോട് സ്റ്റേഷനിലെ എസ്.ഐ. രഞ്ജിത്ത് കുമാര്‍, എ.എസ്.ഐ.മാരായ വിജയന്‍ നീര്‍ച്ചാല്‍, മോഹനന്‍ പരവനടുക്കം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ശിവകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. രാജേഷ്, ഓസ്റ്റിന്‍ തമ്പി, എസ്. ഗോകുല, പി. സുഭാഷ് ചന്ദ്രന്‍, കെ.വിജയന്‍, നിതിന്‍ സാരംഗ്, രഞ്ജീഷ് എം. എരിഞ്ഞിക്കീല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.