കാസര്‍കോട്: ഉളിയത്തടുക്കയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റില്‍. പീഡനവിവരം മറച്ചുവെച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ ഒമ്പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ജൂണ്‍ 26-നാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ജൂലായ് അഞ്ചിന് നാലു പേര്‍ അറസ്റ്റിലായി. തുടരന്വേഷണത്തില്‍ അഞ്ചു പേര്‍ കൂടി പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരും നാട്ടുകാരുമായ പ്രതികള്‍ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂണ്‍ 26-നാണ് സംഭവത്തില്‍ ആദ്യ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പ്രതികളിലൊരാളായ അബ്ബാസ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍വെച്ച് പീഡിപ്പിച്ചതിനാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനത്തിനിടെ അബ്ബാസിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കൂടുതല്‍ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

Content Highlights: kasargod rape case victims parents arrested by police