കാസർകോട് : 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് കേസുകളിലായി പോക്സോ വകുപ്പുകൾ ചേർത്ത് നാലുപേരെ കാസർകോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക എസ്.പി. നഗർ സ്വദേശി സി. അബ്ബാസ് (58), ഉളിയത്തടുക്ക സ്വദേശി എ.കെ. മുഹമ്മദ് ഫനീഫ, പട്ല സ്വദേശി സി.എ. അബ്ബാസ് (49), ചെങ്കള സ്വദേശി ഉസ്മാൻ എന്ന ഉക്കളാംപെട്ടി ഉസ്മാൻ (52) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്.

ജൂൺ 26-നാണ് ആദ്യ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സി. അബ്ബാസ് പെൺകുട്ടിയെയും അനുജനെയും 25-ന് കാറിൽ കയറ്റി കൊണ്ടുപോയി റഹ്മത്ത് നഗറിലെ പണിതീരാത്ത കെട്ടിടത്തിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. അന്ന് അബ്ബാസിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കിയതോടെയാണ് മറ്റു പ്രതികളെ പറ്റിയുള്ള വിവരം ലഭിച്ചത്. ഒരോ കേസിലും വ്യത്യസ്ത എഫ്.ഐ.ആർ. ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിയെ പ്രതികൾ പലതവണ ചൂഷണം ചെയ്തെന്നാണ് പോലീസ് പറയുന്നത്. കാറ്ററിങ് ജോലിക്കാരനായ എ.കെ. മുഹമ്മദ് ഹനീഫ ഭക്ഷണങ്ങൾ നൽകി ചൂഷണം ചെയ്തെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതോടെ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകും. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.