കാസർകോട്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകൾ. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ഇവരെയും വൈകാതെ പിടികൂടും. കഴിഞ്ഞദിവസം അറസ്റ്റിലായ കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ള നാല് പ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്തിയതായ വിവരം ലഭിച്ചതിനെ തുടർന്ന് ആശുപത്രിയിൽനിന്ന് തെളിവുകൾ ശേഖരിക്കും. ഈ തെളിവുകൾ ശേഖരിച്ചാൽ ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറെയും പ്രതിചേർത്തേക്കും. നേരത്തെ കുട്ടിയുടെ മാതാവിനെയും കേസിൽ പ്രതിചേർത്തിരുന്നു. കർണാടക സുള്ള്യ സ്വദേശിയുടെ രണ്ടാം ഭാര്യയിലെ മകളാണ് പീഡനത്തിനിരയായത്. മുൻ മദ്രസ അധ്യാപകനായ ഇയാളുടെ പേരിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് 2017-ൽ നാലുകേസുകൾ ബേക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്തിട്ടുണ്ട്.

കുട്ടിയെ കർണാടകയിൽ കൊണ്ടുപോയും പ്രതികൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അമ്മാവന്മാർക്കൊപ്പമെത്തിയാണ് കുട്ടി ഞായറാഴ്ച പരാതി നൽകിയത്. മജിസ്ട്രേറ്റിന് മുന്നിലും കുട്ടി മൊഴി നൽകി. അന്നുരാത്രിതന്നെ പിതാവടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു. പിതാവിനെ കൂടാതെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), പഞ്ചാവി സ്വദേശി പി.പി.മുഹമ്മദലി (20), 17 വയസ്സുകാരൻ എന്നിവരാണ് പിടിയിലായത്.

Content Highlights:kasargod neeleswaram rape case police investigation is going on