പെരിന്തല്‍മണ്ണ: പ്രണയം നടിച്ച് പട്ടികജാതി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. ഇയാള്‍ തട്ടിപ്പുകേസുകളിലും പ്രതിയാണ്.കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(24)നെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്‍ അറസ്റ്റുചെയ്തത്. മങ്കട സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി ജോലി വാഗ്ദാനംചെയ്തും സിനിമകളില്‍ അവസരം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞും പലരില്‍ നിന്നായി ലക്ഷങ്ങള്‍ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് തങ്ങി പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു പതിവ്. സ്ത്രീകളെ പരിചയപ്പെടുകയും അടുപ്പം നടിച്ച് അവരുടെ സ്വര്‍ണവും മറ്റും വാങ്ങി അവരെക്കൊണ്ടുതന്നെ പണയം വെപ്പിക്കും. തുടര്‍ന്ന് ആ പണവുമായി രക്ഷപ്പെടുകയാണ് പ്രതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

മുക്കത്തെ രണ്ട് യുവാക്കളില്‍നിന്ന് തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് രണ്ട് ലക്ഷം രൂപയും കോഴിക്കോട്ടെ രണ്ടുപേരുടെ മക്കളെ സിനിമയില്‍ ബാലതാരമാക്കാമെന്നു പറഞ്ഞ് 10,000 രൂപയും വാങ്ങി. കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം, മൂന്നാര്‍, കോലഞ്ചേരി, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലെ ഒട്ടേറെപ്പേരില്‍നിന്ന് ഇത്തരത്തില്‍ പണവും സ്വര്‍ണവും തട്ടിയിട്ടുണ്ട്. യുവാവിനെക്കുറിച്ച് വിവരംലഭിച്ച പോലീസ് ഫെയ്സ് ബുക്ക് വഴി ബന്ധപ്പെട്ട് ജോലി ആവശ്യമുള്ളയാളാണെന്ന വ്യാജേന ചാറ്റ് ചെയ്തു. തുടര്‍ന്ന് മൈസൂരുവിലെ സബര്‍ബന്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് എത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയത്ത് കേരളത്തിലെ ഒരു സീരിയല്‍നടനും പ്രതിയുടെ കൂടെയുണ്ടായിരുന്നു. നടന് സിനിമയില്‍ അവസരം നല്‍കാമെന്നുപറഞ്ഞ് രണ്ട് ലക്ഷത്തോളം രൂപ വാങ്ങാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാവുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകള്‍ കൈകാര്യംചെയ്യുന്ന പ്രതി സംശയം തോന്നാത്ത വിധത്തില്‍ ഇരകളെ പരിചയപ്പെടും. തുടര്‍ന്ന് അവരുടെ വീട്ടില്‍പോയി വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ. മാരായ ആന്റണി, സുബൈര്‍, അന്വേഷണസംഘം ഉദ്യോഗസ്ഥരായ സതീശന്‍, ശശികുമാര്‍, പ്രദീപ്, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.