കാസര്‍കോട്: ഇതരസംസ്ഥാനക്കാരിയായ യുവതിയെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച് ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വഴിത്തിരിവ്. യുവതിയെ അല്ല, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹത്തെ ബെംഗളൂരുവില്‍വെച്ച് പോലീസ് കണ്ടെത്തി. ഇയാള്‍ ഒട്ടേറെ സാമ്പത്തികതട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് ബെംഗളൂരു പോലീസ് അറിയിച്ചതായും കാസര്‍കോട് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് സംഭവം. കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുള്‍ ലത്തീഫ്, ഷൗക്കത്തലി എന്നിവര്‍ ഇതര സംസ്ഥാനക്കാരിയായ സുഹൃത്തിനൊപ്പം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിന് സമീപം നില്‍ക്കവേ കാറിലെത്തിയ ഒരുസംഘം യുവതിയെ തട്ടിക്കൊണ്ടുപോയെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസിന് ലഭിച്ച പരാതി.

അബ്ദുള്‍ ലത്തീഫാണ് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള്‍ യുവതി സാധരണനിലയില്‍ നടന്ന് കാറിലേക്ക് കയറുന്നതായും യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചുകയറ്റുന്നതും വ്യക്തമായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ ബെംഗളൂരുവില്‍വെച്ച് പോലീസ് കണ്ടെത്തിയത്. ഇദ്ദേഹം ബെംഗളൂരു കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മണിചെയിന്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി നിരവധിപേരെ വഞ്ചിച്ചിട്ടുണ്ടെന്നാണ് ബെംഗളൂരു പോലീസ് നല്‍കുന്ന വിവരം.

വഞ്ചിക്കപ്പെട്ടവര്‍ സംഘം ചേര്‍ന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതാവാമെന്നാണ് പോലീസിന്റെ സംശയം. ഇതിന് ഈ സ്ത്രീയെ ഉപയോഗിച്ചതാണോ എന്നും സംശയമുണ്ട്.

ഇദ്ദേഹം കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ബെംഗളൂരു പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അവിടെയുള്ള കേസുകളുടെ ഗൗരവം പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.