കാസര്‍കോട്:  മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കര്‍ണാടക സ്വദേശിയായ മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ദേവിപുരയില്‍ താമസിക്കുന്ന ഹനുമന്തയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ ഭാഗ്യയും കാമുകനായ അല്ലാപാഷയും ചേര്‍ന്നാണ് ഹനുമന്തയെ കൊലപ്പെടുത്തിയതെന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തെന്നും പോലീസ് പറഞ്ഞു. 

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ചത്തൂരിലെ റോഡരികില്‍ ഹനുമന്തയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തായി സ്‌കൂട്ടറും മറിഞ്ഞുകിടന്നിരുന്നു. സംഭവം അപകടമരണമാണെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. എന്നാല്‍ മൃതദേഹത്തില്‍ അപകടത്തിന്റെ ലക്ഷണങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും കുടുങ്ങിയത്്. 

നവംബര്‍ അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവില്‍നിന്ന് മഞ്ചേശ്വരത്ത് എത്തിയ ഹനുമന്ത ഭാര്യയ്‌ക്കൊപ്പം വീട്ടില്‍ കാമുകനെയും കണ്ടിരുന്നു. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും ഭാര്യയും കാമുകനും ചേര്‍ന്ന് ഹനുമന്തയെ മര്‍ദിക്കുകയും ചെയ്തു. അവശനായി കട്ടിലില്‍ വീണ ഹനുമന്തയെ അല്ലാപാഷ ശ്വാസംമുട്ടിച്ച് കൊന്നു. ഇതിനുശേഷം അല്ലാപാഷ തന്നെ മൃതദേഹം ബൈക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിക്കാനായി കൊണ്ടുപോയി. ഹനുമന്തയുടെ സ്‌കൂട്ടറില്‍ ഭാഗ്യയും അല്ലാപാഷയെ പിന്തുടര്‍ന്നു. കുഞ്ചത്തൂരില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയും ഹനുമന്തയുടെ സ്‌കൂട്ടര്‍ സമീപത്തായി മറിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. 

സംഭവം അപകടമരണമല്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ഭാഗ്യയെ വിശദമായി ചോദ്യംചെയ്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 

Content Highlights: kasargod manjeshwaram hanumantha murder case wife and lover in police custody