കാസര്‍കോട്: കിദമ്പാടി ഇസ്മായില്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം. ഇസ്മായിലിന്റെ ഭാര്യ ആയിശ(30), കാമുകനായ ഹനീഫ(42) ഇയാളുടെ സുഹൃത്ത് അറഫാത്ത്(29) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ആയിശയ്ക്ക് ഹൈക്കോടതിയും മറ്റ് രണ്ട് പ്രതികള്‍ക്ക് ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. 

കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനായത്. മാത്രമല്ല, കേസിലെ മറ്റൊരു പ്രതിയായ സിദ്ദീഖിനെ ഇതുവരെ പിടികൂടാനുമായിട്ടില്ല. 

2020 ജനുവരി 20 നാണ് ഇസ്മായിലിനെ(50) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇസ്മായിലിന്റെ ബന്ധുക്കള്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ പോലീസ് കേസെടുത്തു. അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നും ആയിശയും കാമുകനായ ഹനീഫയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. ഹനീഫയുടെ സുഹൃത്തുക്കളായ അറഫാത്തിനും സിദ്ദീഖിനുമാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്. തുടര്‍ന്ന് സംഭവദിവസം രാത്രി വീട്ടിലെത്തിയ ഇരുവരും ഇസ്മായിലിനെ കയര്‍മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Content Highlights: kasargod ismayil murder case; wife and lover gets bail