മഞ്ചേശ്വരം: കെദുമ്പാടിയിലെ മരമില്ല് ഉടമ ഇസ്മായിലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കര്‍ണാടക സ്വദേശിയായ നാസിര്‍ ഹുസൈന്‍ (35) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും കര്‍ണാടകയിലെ ബീരിക്ക് സമീപത്തെ വാടകവീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്.

2020 ജനുവരി 19-നാണ് കൊലപാതകം നടന്നത്. ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ ആണ്‍സുഹൃത്ത് മുഹമ്മദ് ഹനീഫയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇവര്‍ തമ്മിലുള്ള അടുപ്പം ഇസ്മായില്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ ഇസ്മായിലിനെ കഴുത്തില്‍ തുണി മുറുക്കി തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിറ്റേന്ന് രാവിലെ ഭാര്യ ആയിഷ തന്നെയാണ് ഭര്‍ത്താവിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കൃത്യം നടത്തിയാല്‍ മുഹമ്മദ് ഹനീഫ വഴി 10,000 രൂപ നല്‍കാമെന്ന് ആയിഷ വാഗ്ദാനം നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളായ ആയിഷ, മുഹമ്മദ് ഹനീഫ, അറാഫത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ നാസിര്‍ ഹുസൈന്‍, ബദറുദ്ദീന്‍ എന്നിവര്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസിന് പിടികൊടുക്കാതിരിക്കാന്‍ നാസിര്‍ ഹുസൈന്‍ വാടകവീടുകളില്‍ മാറി താമസിച്ചുവരുന്നതിനിടെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കേസില്‍ ബദറുദ്ദീനെ ഇനിയും പിടികൂടാനുണ്ട്.

കാസര്‍കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രശേഖര്‍, സി.പി.ഒ.മാരായ പ്രവീണ്‍, ഗോകുല്‍, ലിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.