കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.കെ.പൂക്കോയ തങ്ങളെ അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. 24 മണിക്കൂര്‍ കൂടുമ്പോള്‍ ഡോക്ടര്‍ പരിശോധിക്കണമെന്നതടക്കമുള്ള നിബന്ധനകളോടെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ഇയാള്‍ 10 മാസം ഒളിവില്‍ താമസിച്ച ശേഷം ബുധനാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്.

കൂടുതല്‍ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.സുനില്‍കുമാര്‍ നല്‍കിയ അപേക്ഷ കോടതി പരിഗണിക്കവെ, പൂക്കോയ തങ്ങള്‍ക്ക് പ്രമേഹവും നടുവേദനയുമുള്‍പ്പെടെയുള്ള അസുഖമുണ്ടെന്ന് പറഞ്ഞ് പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തു. പ്രതിഭാഗത്തിന്റെ വാദംകൂടി കേട്ടാണ് കോടതി നിബന്ധനകള്‍ വെച്ചത്. 10 മിനിറ്റില്‍ കൂടുതല്‍ നേരം നിര്‍ത്തി ചോദ്യംചെയ്യരുത്. ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് മരുന്ന് നല്‍കണം എന്നീ നിബന്ധനകളുമുണ്ട്.

തങ്ങളെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തുതുടങ്ങി. 10 മാസം നേപ്പാളിലാണ് ഒളിച്ചു താമസിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. ഇത് പൂര്‍ണമായും അന്വേഷണസംഘം വിശ്വസിക്കുന്നില്ല.

കാസര്‍കോട്, ഹൊസ്ദുര്‍ഗ്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി കോടതികളിലായി 176 കേസുകളുണ്ട്. ഇത്രയും കേസുകളില്‍ ജാമ്യം കിട്ടാനായി പൂക്കോയ തങ്ങള്‍ ഹര്‍ജി നല്‍കും. അതിന്റെ ആദ്യപടിയായി ചന്തേര പോലീസ് റജിസ്റ്റര്‍ചെയ്ത 100 കേസുകളില്‍ ജാമ്യംതേടി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.