കാസര്‍കോട്: നിക്ഷേപത്തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി ഓടിനടക്കുമ്പോഴും പൂട്ടിപ്പോയ ഫാഷന്‍ ഗോള്‍ഡ് ജൂവലറിയുടെ ആസ്തി ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചേര്‍ന്ന് വില്പനനടത്തി. ഖമര്‍ ഫാഷന്‍ ഗോള്‍ഡിന്റെ കാസര്‍കോട് നഗരഹൃദയത്തിലെ 17.70 ചതുരശ്രമീറ്റര്‍ സ്ഥലവും നാല് കടമുറികളുമാണ് ചെയര്‍മാനും മഞ്ചേശ്വരം എം.എല്‍.എ.യുമായ എം.സി. ഖമറുദ്ദീനും മാനേജിങ് ഡറയക്ടര്‍ ടി.കെ. പൂക്കോയ തങ്ങളും വിറ്റത്.

2020 ജനുവരി 24, 25 തീയതികളിലായി കാസര്‍കോട് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ആധാരത്തിലായി 60 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടത്തിയത്. അഫി ഉദിനൂര്‍, ഭാര്യ റുസീഫ അഫി എന്നിവര്‍ക്കാണ് സ്ഥലത്തിന്റെയും കെട്ടിടത്തിലെ നാല് മുറികളുടെയും നേര്‍പ്പകുതി അവകാശം ജന്മാധാരം എഴുതിനല്‍കിയിരിക്കുന്നത്. ജനുവരി 24-ന് അഫിയുടെയും തൊട്ടടുത്ത ദിവസം റുസീഫയുടെയും ആധാരം രജിസ്റ്റര്‍ ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സ്ഥാപനത്തിന്റെ പയ്യന്നൂര്‍, ചെറുവത്തൂര്‍, കാസര്‍കോട് ശാഖകള്‍ 2019 ഓഗസ്റ്റില്‍ പൂട്ടിയിരുന്നു. അതിനുശേഷമാണ് സ്ഥാപനത്തിന്റെ ആസ്തിവകയുടെ വില്പന നടന്നിരിക്കുന്നത്. നിക്ഷേപകരുടെ കൂട്ടായ്മയില്‍ രൂപവത്കരിച്ച കര്‍മസമിതിയിലെ ചിലരുടെ പേരില്‍ പയ്യന്നൂരിലെ ആസ്തി മാറ്റിയെഴുതിയതിന്റെ വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിട്ടുണ്ട്.

നാല് കേസുകള്‍കൂടി

ചെറുവത്തൂര്‍: ഫാഷന്‍ ഗോള്‍ഡ് ജൂവലറി നക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേര, കാസര്‍കോട് പോലീസ് സ്റ്റേഷനുകളില്‍ രണ്ടുവീതം കേസുകളാണെടുത്തത്. വണ്ടിച്ചെക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതിയിലും ഒരു കേസുണ്ട്. ഇതോടെ ഫാഷന്‍ ഗോള്‍ഡ് ജൂവലറി ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ., മാനേജിങ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരേ ചന്തേരയില്‍ 41-ഉം കാസര്‍കോട് 12-ഉം പയ്യന്നൂരില്‍ ആറും ഉള്‍പ്പെടെ കേസുകള്‍ 56 ആയി.

പ്രശ്നപരിഹാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച മധ്യസ്ഥശ്രമം ഫലം കാണാത്ത സാഹചര്യത്തിലാണ് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത്. ചന്തേരയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 13 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എം.എല്‍.എ. കേസിലെ മുഖ്യപ്രതിയായതിനാല്‍ മറ്റു വിഷയങ്ങളും അന്വേഷണപരിധിയില്‍ വരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തതെങ്കിലും വിദേശയാത്രകള്‍, ഫോണ്‍കോള്‍ വിവരങ്ങള്‍, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ചെലവ്, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കാലത്തെ ഔദ്യോഗികവാഹന ഉപയോഗം തുടങ്ങിയവയും അന്വേഷിക്കും.

സമ്മര്‍ദങ്ങളില്ല-ക്രൈംബ്രാഞ്ച് എസ്.പി.

കാസര്‍കോട്: എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. പ്രതിയായ സ്വര്‍ണക്കട നിക്ഷേപത്തട്ടിപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരുവിധ സമ്മര്‍ദങ്ങളുമില്ലെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീന്‍കുട്ടി പറഞ്ഞു.

Content Highlights: kasargod fashion gold fraud case