കാഞ്ഞങ്ങാട്: കാസര്‍കോട്ടെ വ്യാജ പാസ്പോര്‍ട്ട് കേസ് ഏറ്റെടുത്ത വയനാട് ക്രൈംബ്രാഞ്ച് 11 പ്രതികളുടെ ഫോട്ടോകൂടി പുറത്തുവിട്ടു. ക്രൈംബ്രാഞ്ചിന്റെ രണ്ട് സ്‌ക്വാഡുകളായി 45 കേസുകളാണ് വയനാട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. നേരത്തെ 12 പ്രതികളുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. 

രണ്ടാമത്തെ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ എ.ബി. വിപിന്‍, എസ്.ഐ. കെ.എസ്. അജേഷ് എന്നിവര്‍ കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെത്തി അന്വേഷണം നടത്തി. ആദ്യ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ്, എസ്.ഐ. സി. ഖാദര്‍കുട്ടി എന്നിവര്‍ രണ്ടുമാസം മുന്‍പ് ഇവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. ഫോട്ടോ മാത്രമാണ് പ്രതികളെ പിടികൂടാനുള്ള ഏക മാര്‍ഗം എന്നതിനാലാണ് ഫോട്ടോ പുറത്തുവിടുന്നത്.

കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ്‌കുമാര്‍ ആണ് ഫോട്ടോ പുറത്തുവിട്ട് പ്രതികളെ കണ്ടെത്തുന്ന രീതി ആദ്യം നടത്തിയത്. അന്ന് ഒന്നിലേറെ പ്രതികളെ പിടിക്കാന്‍ ഇതു സഹായകമായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് (സി.ബി.എസ്.യു.) ആണ് കാസര്‍കോട് ജില്ലയിലെ വ്യാജ പാസ്‌പോര്‍ട്ട് കേസുകള്‍ അന്വേഷിക്കുന്നത്. ഇപ്പോള്‍ പുറത്തുവിട്ട ഫോട്ടോയില്‍ കാണുന്ന പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9747957791, 9961333920 ഈ നമ്പറില്‍ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: kasargod fake passport case